India - 2025

മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം: കെസിവൈഎം സംസ്ഥാന സമിതി

പ്രവാചകശബ്ദം 26-09-2024 - Thursday

കൊച്ചി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരാഹിത്യമെന്ന് കെസിവൈഎം സംസ്ഥാന സമിതി. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തിൽ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയിൽ വിചിത്രമായ ചില നിയമങ്ങളുടെ പേരിൽ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഒരു ജീവിതായുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ നൽകി പൂർവികർ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങൾക്കു ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് എന്ത് ന്യായമാണുള്ളതെന്ന് സംസ്ഥാന സമിതി ചോദ്യമുയര്‍ത്തി.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി അനുഭവിക്കുന്ന യാതനകൾ വളരെയേറെയാണ്. സ്വന്തം പേരിൽ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ. ഭൂമിയുടെ ഉടമസ്ഥൻ എങ്കിലും ആ ഭൂമിയിൽ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ. വഖഫ് ബോർഡ്‌ അവകാശം ഉന്നയിച്ചതിന്റെ പേരിൽ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്.

കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെ അന്യായമായി വഖഫ് ബോർഡ്‌ അവകാശം ഉന്നയിക്കുമ്പോൾ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന് പറയുന്നതിന്റെ വിരോധാഭാസം എത്ര നിയമങ്ങളുടെയും ഭേതഗതികളുടെയും തുലാസിൽ വച്ച് അളന്നാലും ഇവരുടെ കണ്ണീരിന്റെ വിലയ്ക്കൊപ്പം ആവില്ല.

ഈ വിഷയത്തിൽ സർക്കാരുകൾ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ എം.ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൽ ജോസഫ്, വൈസ് പ്രസിഡന്റുമാരായ കുമാരി അനു ഫ്രാൻസിസ്‌, ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ സുബിൻ സണ്ണി, അഗസ്റ്റിൻ ജോൺ, കുമാരി മരീറ്റ തോമസ്, കുമാരി മെറിൻ എം.എസ്, ട്രഷറർ ഡിബിൻ ഡോമിനിക്, സംസ്ഥാന ഡയറക്ടർ റവ.ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസി. ഡയറക്ടർ സി. നോർബർട്ട സി.റ്റി.സി എന്നിവർ സംസാരിച്ചു.


Related Articles »