News

ദയാവധത്തെ അനുകൂലിച്ച് ബ്രിട്ടീഷ് എം‌പിമാര്‍; ദുഃഖം പ്രകടിപ്പിച്ച് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 30-11-2024 - Saturday

ലണ്ടന്‍: യുകെയിൽ ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലില്‍ ഭൂരിപക്ഷം എം‌പിമാരും വോട്ട് ചെയ്തതില്‍ ദുഃഖം പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്ക ബിഷപ്പുമാർ. ഇന്നലെ നവംബർ 29ന് പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഒഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 330 എം.പിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 275 പേർ എതിർത്തു. അഞ്ച് മണിക്കൂർ നീണ്ട സംവാദത്തിന് ശേഷമായിരുന്നു വോട്ട്.

അതേ സമയം, ബില്ല് നിയമമാകാൻ ഇനിയും ഏറെ നാൾ കഴിയും. മാസങ്ങൾ നീണ്ട പാർലമെന്ററി പരിശോധനയ്ക്കും ഭേദഗതികൾക്കും അംഗീകാരത്തിനും ശേഷമേ നിയമം നിലവിൽ വരൂ. നിയമനിർമ്മാണ പ്രക്രിയയുടെ പിന്നീടുള്ള ഘട്ടത്തിൽ ബിൽ നിരസിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി പ്രാർത്ഥിക്കുന്നതായും കുടുംബത്തിനും ജീവനും വേണ്ടിയുള്ള കമ്മീഷൻ അധ്യക്ഷനും വെസ്റ്റ് മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പുമായ ജോൺ ഷെറിംഗ്ടൺ പറഞ്ഞു.

മാരകരോഗമുള്ള മുതിർന്നവരുടെ ജീവിതാവസാനം നടത്താന്‍ അനുശാസിക്കുന്ന ബില്ലിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്തതിൽ തങ്ങള്‍ നിരാശരാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഈ ബില്ലിൽ തത്ത്വത്തിൽ പിഴവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ ആശങ്കാജനകമായ പ്രത്യേക വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. ഈ ബിൽ അതിൻ്റെ മുന്നോട്ടുള്ള ഘട്ടത്തിൽ നിരസിക്കാനുള്ള വിവേകം പാർലമെൻ്റ് അംഗങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കാൻ കത്തോലിക്കാ സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബില്ലിന് എതിരെ കിയേർ സ്‌റ്റാമെറിന്റെ മന്ത്രിസഭയിലും ഭിന്നതയുണ്ട്. താൻ ബില്ലിനെ എതിർക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്‌റ്റിസ് സെക്രട്ടറി ഷബാന മെഹ്‌മുദ് തന്റെ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തുകൾ അയച്ചത് ഏറെ ചര്‍ച്ചയായിരിന്നു. ബില്ലിനെ ശക്തമായി എതിർക്കുമെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ നിലപാട്. മാരകരോഗികൾക്ക് ജീവിതാവസാനം "തിരഞ്ഞെടുക്കുവാന്‍" അവസരം എന്ന പേരില്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരെ ബ്രിട്ടനിലെ മലയാളികളും രംഗത്ത് വന്നിരിന്നു.

** ദയാവധത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാട് ‍ ‍

ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു.

സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്.

ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല.

അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്.

വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു.

സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു.

ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്. ദയാവധം അന്തസ്സുള്ള പ്രവൃത്തിയെന്ന് കരുതുക; സ്ത്രീയോട് കപടമായ കരുണ കാണിച്ച് ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുക; ഒരു മനുഷ്യ കുഞ്ഞിനെ “ഉൽപ്പാദിപ്പിക്കാനുതകുന്ന” ശാസ്ത്ര മുന്നേറ്റം വഴി കുഞ്ഞിനെ ഒരു സമ്മാനം എന്നതിലുപരി അവകാശമായി കാണുന്ന അവസ്ഥ സൃഷ്ടിക്കുക; മനുഷ്യജീവനെ മൃഗങ്ങളെപ്പോലെ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുക എന്നിങ്ങനെയുള്ള മാലിന്യ സംസ്കാരത്തിന്റെ മനോഭാവങ്ങളിൽനിന്ന് അകലം പാലിക്കാൻ ഫ്രാൻസിസ് പാപ്പ വൈദ്യശാസ്ത്ര സംഘത്തെ ഉത്ബോധിപ്പിക്കുന്നു. 2022 ഫെബ്രുവരിയിൽ ഇറ്റലിയിൽനിന്നുള്ള ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1025