News - 2025
ഗർഭസ്ഥ ശിശുവിന് ഒരു സാധാരണ മനുഷ്യ ജീവന്റെ അതേ വില അര്‍ഹിക്കുന്നുവെന്ന് അലബാമ സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍ 07-01-2017 - Saturday
അലബാമ: ഗർഭസ്ഥ ശിശുവിന്റെ ജീവന്, ഒരു സാധാരണ മനുഷ്യ ജീവന്റെ അതേ വില അർഹിക്കുന്നുണ്ടെന്ന് അലബാമ സുപ്രീം കോടതി വിധി. കിംബെർളി സ്റ്റിന്നത്ത് എന്ന വനിതയുടെ കേസിൽ വാദം കേട്ടപ്പോഴാണ്, ഏറെ ശ്രദ്ധേയമായ വിധി ജഡ്ജി തോമസ് പാർക്കർ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോ ലൈഫ് പ്രവർത്തകർക്ക് ഏറെ ആഹ്ലാദം സമ്മാനിക്കുന്ന ഒരു നടപടിയാണ് യുഎസിലെ അലബാമ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. തന്നെ ചികിത്സിച്ച ഡോക്ടറുടെ പിഴവിനെ നിയമപരമായി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റിന്നത്ത് കോടതിയിൽ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
ഗർഭിണിയായ സ്റ്റിന്നത്ത് പരിശോധകൾക്കായി കർളാ കെന്നഡി എന്ന ഡോക്ടറെയാണ് സമീപിച്ചത്. സ്റ്റിന്നത്തിന്, ഭ്രൂണം ഗർഭാശയത്തിനു വെളിയിൽ പറ്റിചേർന്ന് വളർച്ച പ്രാപിക്കാൻ തുടങ്ങുന്ന അസാധാരണ അവസ്ഥയായ എക്റ്റൊപിക് പ്രഗ്നനസിയാണെന്നും ഇതിനാൽ തന്നെ ഗർഭം അലസിപ്പിക്കണമെന്നും ഡോക്ടർ നിർദേശിക്കുകയായിരിന്നു. ഇതിനായി ഡോക്ടർ കർളാ കെന്നഡി, "മെതോട്രെക്സേറ്റ് " എന്ന മരുന്നു നൽകി. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ തടയുന്നതിന്നും, ഗർഭം പിന്നീട് അലസിപ്പിക്കുന്നതിനുമാണ് മെതോട്രെക്സേറ്റ് നൽകുന്നത്. ഡോക്ടർ കർള കെന്നഡിയുടെ നിർദേശപ്രകാരം ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റിന്നത്ത് ഈ മരുന്ന് കഴിച്ചു.
സ്റ്റിന്നത്തിനെ സാധാരണ പരിശോധിക്കാറുള്ള ഡോക്ടർ വില്യം ഹഗ്ഗിൻസ്, പിന്നീട് നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിൽ മുൻപ് പരിശോധിച്ച ഡോക്ടറുടെ പിഴവ് കണ്ടെത്തി. സ്റ്റിന്നത്തിന് ഉണ്ടായിരുന്നത് സാധാരണ ഗർഭം ആയിരുന്നുവെന്ന് ഡോക്ടർ വില്യം ഹഗ്ഗിൻസ് കണ്ടെത്തി. എന്നാൽ ഡോക്ടർ കെന്നഡിയുടെ നിർദേശ പ്രകാരം മരുന്ന് കഴിച്ചതിനാൽ തന്റെ കുഞ്ഞിന്റെ മരണം സ്റ്റിന്നത്തിന് കാണേണ്ടി വന്നു. ഡോക്ടർ കർള കെന്നഡിയുടെ നിരുത്തരവാദിത്വപരമായ നടപടിയെ ചോദ്യം ചെയ്താണ് സ്റ്റിന്നത്ത് കീഴ്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
കീഴ്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നു ചികിത്സാ പിഴവ് മൂലം ജീവൻ നഷ്ടപ്പെടുത്തിയ ഡോക്ടറുടെ നടപടിയെ സ്റ്റിനിത്ത് അലബാമ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരിന്നു. ഡോക്ടർ കർള കെന്നഡിയുടെ നടപടി നരഹത്യക്ക് തുല്യമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഗർഭധാരണം നടക്കുന്ന സമയം മുതൽ തന്നെ ഒരു ഭ്രൂണത്തിന്, സാധാരണ മനുഷ്യ ജീവന്റെ വിലയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിനാൽ ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ ഗർഭസ്ഥ ശിശുക്കളുടെ കാര്യം പരിഗണിക്കാവൂയെന്നും കോടതി പറഞ്ഞു. കീഴ്കോടതി തള്ളിയ സ്റ്റിന്നത്തിന്റെ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
