News - 2024

ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു കൊടുക്കുക: ഫ്രാന്‍സിസ് പാപ്പ മാതാപിതാക്കളോട്

സ്വന്തം ലേഖകന്‍ 09-01-2017 - Monday

വത്തിക്കാന്‍ സിറ്റി: ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു നല്‍കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സിസ്റ്റൈന്‍ ചാപ്പലില്‍ 28 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ ഞായറാഴ്ച ആചരിച്ചു കൊണ്ടാണ് മാര്‍പാപ്പ 28 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയത്.

"വിശ്വാസം എന്നതുകൊണ്ടുള്ള ഉദ്ദേശം, സത്യത്തെ തിരിച്ചറിയുക എന്നതാണ്. ദൈവപിതാവ് രക്ഷകനായ തന്റെ പുത്രനേയും, ജീവന്‍ നല്‍കുന്ന പരിശുദ്ധാത്മാവിനെയും ലോകത്തിലേക്ക് അയച്ചു. ഇന്ന് കുഞ്ഞുങ്ങള്‍ മാമോദീസ സ്വീകരിക്കുമ്പോള്‍ മാതാപിതാക്കളായ നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ ജീവിതത്തെ മാതൃകയാക്കി വേണം ഇവര്‍ വിശ്വാസ സത്യത്തില്‍ വളരുവാന്‍. അവര്‍ക്ക് മാതൃകയായിരിക്കുവാന്‍ നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

15 ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ നടന്ന ചടങ്ങില്‍ മാമോദീസ നല്‍കിയത്. ചില കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍, ബേത്‌ലഹേമിലെ ഉണ്ണീശോയോടാണ് മാര്‍പാപ്പ അവരെ ഉപമിച്ചത്. "യേശുവിന്റെ അധരത്തില്‍ നിന്നും വന്ന ആദ്യത്തെ പ്രസംഗം, ബേതലഹേമിലെ കാലികൂട്ടിലില്‍ വച്ചുള്ള കരച്ചിലാണെന്ന കാര്യം ഇവര്‍ക്ക് ശരിയായി അറിയാം". ചടങ്ങില്‍ പങ്കെടുത്തവരുടെ മുഖത്ത് ചിരിവിടര്‍ത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയം യേശുവിനെ പരിപാലിച്ചതു പോലെ തന്നെ അമ്മമാരും അവരുടെ മക്കളെ പരിപാലിക്കണമെന്ന ഉപദേശവും പാപ്പ നല്‍കി.

മാതാപിതാക്കളോട് വിശ്വാസത്തിന്റെ സാക്ഷികളാകുവാന്‍ തന്റെ സന്ദേശത്തിലൂടെ മാര്‍പാപ്പ വീണ്ടും ഓര്‍മ്മിപ്പിച്ചു. "മാമോദീസായുടെ സമയത്ത് കത്തിച്ച ഒരു മെഴുകുതിരി നിങ്ങള്‍ക്ക് നല്‍കാറുണ്ട്. മെഴുകുതിരി പ്രകാശത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അണയാത്ത പ്രകാശം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് പകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സഭ മാമോദീസായിലൂടെ നിങ്ങളുടെ മക്കളിലേക്ക് വിശ്വാസത്തിന്റെ പ്രകാശത്തെ ഇന്ന് കൈമാറിയിരിക്കുന്നു. അതിനെ വളര്‍ത്തുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്". മാര്‍പാപ്പ പറഞ്ഞു.

എപ്പിഫെനി തിരുനാള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് സഭ യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ സ്മരണ ആചരിക്കുന്നത്. ഈ ദിവസത്തില്‍ കുഞ്ഞുങ്ങള്‍ക്കു സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പ മാമോദീസ നല്‍കുന്ന ചടങ്ങ് നടക്കാറുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത്തരമൊരു ചടങ്ങിന് തുടക്കം കുറിച്ചത്. ജനുവരി ആറാം തീയതിയാണ് എപ്പിഫെനി തിരുനാള്‍ സഭ ആഘോഷിച്ചത്.


Related Articles »