News - 2025

ഭൂതോച്ചാടനം വെറും തട്ടിപ്പാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയുമായി ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി

സ്വന്തം ലേഖകന്‍ 09-01-2017 - Monday

റോം: പിശാചുബാധ എന്നത് വെറും കെട്ടുകഥയല്ലെന്നും, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഒരു ഭൂതോച്ചാടന പ്രക്രിയ നേരില്‍ കണ്ടാല്‍ ആ സംശയം പൂര്‍ണമായും ദുരീകരിക്കപ്പെടുമെന്നും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി. മൊഡീന-നൊനാന്‍ന്റോള അതിരൂപതയുടെ അധ്യക്ഷനായ എറിയോ കാസ്റ്റിലൂസി ഇറ്റാലിയന്‍ ദിനപത്രമായ 'ഇല്‍ റെസ്റ്റോ ഡെല്‍ കാര്‍ലിനോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിശാചുകള്‍ മനുഷ്യരുടെ ശരീരത്തില്‍ കടന്ന് ആധിപത്യം സ്ഥാപിക്കുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന്‍ എടുത്ത് പറഞ്ഞത്.

ആദ്യമായി നേരില്‍ കണ്ട ഭൂതോച്ചാടന പ്രക്രിയയെ സംബന്ധിച്ചുള്ള വിവരങ്ങളും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തിലൂടെ വിവരിക്കുന്നുണ്ട്. അതിരൂപതയിലുള്ള ഭൂതോച്ചാടകരായ രണ്ടു വൈദികര്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ബാധയൊഴിപ്പിക്കുവാന്‍ തന്നെ നേരില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി പത്രത്തിലൂടെ വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് നേരില്‍ ഭൂതോച്ചാടനം കണ്ടിട്ടില്ലാത്തതിനാല്‍, അതില്‍ തനിക്ക് അധികം വിശ്വാസമില്ലായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

"ഏറെ നാളായി പൈശാചിക ബാധ ബാധിച്ച ഒരു മനുഷ്യന്റെ അരികിലേക്കാണ് അതിരൂപതയിലെ ഭൂതോച്ചാടകരായ വൈദികർ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഞാന്‍ ഒരു ആര്‍ച്ച് ബിഷപ്പായതിനാല്‍ തന്നെ സഭയിലൂടെ ലഭ്യമായിരിക്കുന്ന പ്രത്യേക അധികാരങ്ങള്‍ പ്രയോഗിക്കുവാന്‍ കഴിയുമെന്നതിനാലാണ് അവർ ഭൂതോച്ചാടനത്തിനായി എന്നെ കൂടി പ്രത്യേകം ക്ഷണിച്ചത്. അപകടകാരിയായ ഒരു പിശാചിനെ നേരിടുമ്പോള്‍ വൈദികരോടൊപ്പം ഞാനും വേണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. വൈദികരുടെ വാക്കുകളില്‍ നിന്നു തന്നെ എനിക്ക് കാര്യങ്ങളുടെ ഗുരുതര അവസ്ഥ മനസിലായിരുന്നു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസിയ പറഞ്ഞു.

മൊഡീനയിലെ തന്നെ ഒരു ദേവാലയത്തിനുള്ളിലാണ് ഭൂതോച്ചാടനം നടന്നത്. മധ്യവയസ്‌കനായ ഒരു പുരുഷന്റെ ശരീരത്തിലാണ് പിശാച് പ്രവേശിച്ചിരുന്നതെന്നും ആര്‍ച്ച് ബിഷപ്പ് എറിയോ പറഞ്ഞു. "ഞങ്ങള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ മധ്യവയസ്‌കന്‍ ബഹളം ഉണ്ടാക്കുവാന്‍ തുടങ്ങി. ഇവിടെ നിന്നും പുറത്തു പോകുക, അല്ലെങ്കില്‍ അതിക്രൂരമായ മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. പിന്നീട് അയാള്‍ മോഹാലസ്യപ്പെട്ട് വീണു. അധികം വൈകാതെ തന്നെ അയാള്‍ ഉണര്‍ന്നു. വളരെ വേഗം തന്റെ നഖങ്ങള്‍ എന്റെ കരത്തിലേക്ക് അയാള്‍ അമര്‍ത്തിപിടിച്ചു. അതിക്രൂരമായ ഒരു മുഖഭാവമായിരുന്നു ആ മനുഷ്യന് ഈ സമയം ഉണ്ടായിരുന്നത്. പല അസഭ്യവാക്കുകളും അദ്ദേഹം പറഞ്ഞു".

"ഒരു വാഹന അപകടത്തിലാണ് ഞാന്‍ കൊല്ലപ്പെടുമെന്നതായിരുന്നു അയാളുടെ പ്രവചനം. ഈ കാര്യങ്ങള്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് ദയനീയ ഭാവമായിരുന്നു. എന്റെ ജീവിതം യേശുക്രിസ്തുവിന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്നും, അവിടുന്നാണ് എന്റെ സംരക്ഷകനെന്നും, ആയതിനാല്‍ ഒരു അപകടത്തേയും ഞാന്‍ ഭയക്കുന്നില്ലെന്നും അയാളിലെ ദുരാത്മാവിനോട് ഞാന്‍ മറുപടി പറഞ്ഞു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി തന്റെ അനുഭവം വിശദീകരിച്ചു.

ഭൂതോച്ചാടനത്തിലെ പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തിയെ കുറിച്ചും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഭൂതോച്ചാടനത്തെ വെറും തട്ടിപ്പാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് തന്റെ ജീവിത അനുഭവത്തിലൂടെ ആര്‍ച്ച് ബിഷപ്പ് നല്‍കുന്നത്.


Related Articles »