News - 2025
ക്ഷണികമായ ഭൗതിക ബിംബങ്ങളിലുള്ള പ്രത്യാശ മനുഷ്യനെ നാശത്തിലേക്കു നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 12-01-2017 - Thursday
വത്തിക്കാന്‍: ക്ഷണികമായ ബിംബങ്ങളില്‍ അര്‍പ്പിക്കുന്ന പ്രത്യാശ അടിസ്ഥാനമില്ലാത്തതാണെന്നും അത് നമ്മേ നാശത്തിലേക്ക് നയിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ്, ലോകപ്രകാരമുള്ള പ്രത്യാശകള്‍ വ്യര്‍ഥമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. ബിംബങ്ങളിലാണ് ചിലര്‍ തങ്ങളുടെ പ്രത്യാശ കണ്ടെത്തുന്നതെന്നും ഇത്തരം ബിംബങ്ങള്‍ എല്ലാം നശിച്ചുപോകുന്നതാണെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിലൂടെ വിവരിച്ചു.
"പ്രത്യാശയെന്നത് മനുഷ്യന്റെ ഒരടിസ്ഥാന ആവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ അധികം ആളുകളും തങ്ങളുടെ പ്രത്യാശ കണ്ടെത്തുന്നത് തകര്‍ന്നു പോകുന്ന ചില ബിംബങ്ങളിലാണ്. പണം, അധികാരം, സൗന്ദര്യം, ആരോഗ്യം തുടങ്ങി ഇത്തരം ബിംബങ്ങളുടെ പട്ടിക നീളുന്നു. ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനു പകരം, ഇത്തരം ബിംബങ്ങള്‍ മനുഷ്യജീവിതങ്ങളെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ഇതിനോടകം തന്നെ ലഭ്യമായിരിക്കുന്ന നിരവധി ഉദാഹരങ്ങളില്‍ നിന്നും നാം നേരില്‍ കണ്ടിട്ടുള്ളതാണ്. ബിംബങ്ങള്‍ എല്ലാം ഉടഞ്ഞു നശിക്കും". പരിശുദ്ധ പിതാവ് പറഞ്ഞു.
സങ്കീര്‍ത്തനം 115-ല്‍ വെള്ളിയും, പൊന്നും കൊണ്ട് വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്നതിനെ എടുത്ത് പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. മനുഷ്യരുടെ കരവേലയായ ഇത്തരം വിഗ്രഹങ്ങള്‍ കണ്ണുണ്ടായിട്ടും കാണുകയോ, ചെവിയുണ്ടായിട്ടും കേള്‍ക്കുകയോ, അധരമുണ്ടായിട്ടു സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന കാര്യവും പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ജീവനില്ലാത്ത വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്നവര്‍ എല്ലാം അതു പോലെ തന്നെയാകുമെന്ന സങ്കീര്‍ത്തകന്റെ വാക്കും പാപ്പ ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ ഇപ്പോള്‍ ഇത്തരം വിഗ്രഹങ്ങളുടെ പിന്നാലെയാണ് അവരുടെ പ്രത്യാശ കൊണ്ടുനടക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗത്തിലൂടെ ചൂണ്ടികാണിച്ചു.
"വിശ്വാസമെന്നത് ദൈവത്തിലുള്ള ആശ്രയമാണ്. ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ പാതകളിലൂടെ കടന്നു പോകുമ്പോള്‍ ഇതിനെ കൂടുതല്‍ പ്രകടമാക്കുവാന്‍ നമുക്ക് സാധിക്കണം. മനുഷ്യര്‍ക്ക് ബിംബങ്ങളുടെ മേലുള്ള താത്പര്യങ്ങളെ കുറിച്ച് സങ്കീര്‍ത്തകന്‍ പലപ്പോഴും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ മുന്നറിയിപ്പിനെ ഓര്‍ത്തുകൊണ്ടു വേണം നാം മുന്നോട്ട് ജീവിക്കുവാന്‍. അപ്പോള്‍ മാത്രമേ നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണമായി പ്രത്യാശിക്കുവാന്‍ സാധിക്കുകയുള്ളു". ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
