News - 2025

അമേരിക്കയില്‍ 40,000 സ്ക്വയര്‍ ഫീറ്റില്‍ ബൈബിള്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍ 14-01-2017 - Saturday

ഫിലാഡല്‍ഫിയ: ബൈബിളിന്റെ ചരിത്രത്തേയും, പ്രധാനപ്പെട്ട ബൈബിളുകളുടെ ശേഖരത്തേയും ഉള്‍പ്പെടുത്തി അമേരിക്കയില്‍ പ്രത്യേക ബൈബിള്‍ സെന്റര്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയിടുന്നു. 2018-ഓടെ ഇന്‍ഡിപെന്‍ഡന്‍സ് മാളിലാകും 'ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്റര്‍' എന്ന പേരില്‍ പ്രത്യേക കേന്ദ്രം തുടങ്ങുക. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയാണ് ബൈബിള്‍ സെന്‍റര്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യത്തെ ജനതയുമായി ബൈബിളിനുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതിനാണ് പ്രത്യേക സെന്റര്‍ ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.

40,000-ല്‍ പരം സ്വകയര്‍ ഫീറ്റില്‍ പണികഴിപ്പിക്കുന്ന ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്ററില്‍ യുഎസില്‍ അച്ചടിച്ച ആദ്യത്തെ ബൈബിളും, അന്ധതയെ തന്റെ എഴുത്തിലൂടെ മറികടന്ന് വിശ്വാസികള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയ ഹെലന്‍ കെല്ലറുടെ ബൈബിളും പ്രദര്‍ശിപ്പിക്കും. ഓരോ വര്‍ഷവും രണ്ടരലക്ഷത്തില്‍ പരം സന്ദര്‍ശകരെയാണ് ഇവിടേയ്ക്ക് പ്രതീക്ഷിക്കുന്നത്.

വിവിധ വിശ്വാസങ്ങളുടെ കൂടിച്ചേരല്‍ നടക്കുന്ന ഒരു പ്രദേശമായി പുതിയ സെന്റര്‍ മാറുമെന്ന് അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ സിഇഒ റോയ് പീറ്റര്‍സണ്‍ പറഞ്ഞു. മേയര്‍ ജിം കെന്നഡിയും ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്ററിന്റെ ആരംഭത്തെ സ്വാഗതം ചെയ്തു. 1800-കളില്‍ ഐറിഷ് കത്തോലിക്ക വിശ്വാസ സമൂഹത്തിന് നേരെ നടന്ന ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ചരിത്രപരമായ അറിവുകള്‍ ഈ സെന്ററില്‍ നിന്നും ലഭിക്കുമെന്നത് തന്നെ ഇതിന്റെ വലിയ പ്രത്യേകതയാണെന്നു മേയര്‍ ജിം കെന്നഡി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

അമേരിക്കന്‍ സര്‍വകലാശാലയിലെ പ്രശസ്ത പ്രൊഫസര്‍ ഡാനിയേല്‍ ഡ്രിസ്ബാച്ച് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതിയ ബൈബിള്‍ സെന്ററിന് ആവശ്യമായ പിന്‍തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടിമത്തവിരുദ്ധ മുന്നേറ്റം, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, സെപ്റ്റംബര്‍ 11-ലെ ആക്രമണം, കത്രിന ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ തുടങ്ങി അമേരിക്കന്‍ ജനതയുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള സംഭവങ്ങളെ ബൈബിള്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും പുതിയ സെന്ററില്‍ ഉണ്ട്.

ജൂതമതവിശ്വാസികളും കേന്ദ്രത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ജൂവിഷ് ഹിസ്റ്ററിയുടെ സിഇഒ ഐവി ബാര്‍സ്‌കി പറഞ്ഞു. 2018-ലെ വേനല്‍ക്കാലത്തോടെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് സംഘാടകര്‍ കരുതുന്നത്.


Related Articles »