News - 2024

ക്രൈസ്തവ ജീവിതം തിന്മയുടെ ശക്തികള്‍ക്ക് എതിരെയുള്ള ശക്തമായ പോരാട്ടം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 20-01-2017 - Friday

വത്തിക്കാന്‍: ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ വിവിധ തരം പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായി പോരാടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രലോഭനങ്ങളെ കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശുക്രിസ്തുവിനെ ജനം അനുഗമിക്കുന്ന ഭാഗത്തു നിന്നുമാണ് തന്റെ പ്രസംഗ വിഷയം പാപ്പ തെരഞ്ഞെടുത്തത്.

"ക്രൈസ്തവ ജീവിതത്തില്‍ തുടര്‍ച്ചയായി പ്രലോഭനങ്ങള്‍ ഉണ്ടാകും. ക്രിസ്തുവിനെ സമീപിക്കുമ്പോള്‍, തിന്മയുടെ ശക്തികള്‍ നമ്മെയും എതിര്‍ക്കും. നമുക്കെതിരെ യുദ്ധംചെയ്യും. വിശുദ്ധ പൗലോസ് അപ്പോസ്‌ത്തോലന്‍ തന്നെ ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ ജീവിതമെന്നത് അനുദിനമുള്ള പോരാട്ടങ്ങളാണെന്നു പൗലോസ് ശ്ലീഹാ പറയുന്നു. സാത്താന്റെ ശക്തിയെ നശിപ്പിച്ചവനാണ് ദൈവം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ജനക്കൂട്ടം എല്ലായ്‌പ്പോഴും ക്രിസ്തുവിനെ പിന്‍തുടര്‍ന്നിരുന്നുവെന്നും ഇതിന് വിവിധ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പാപ്പ വിശദീകരിച്ചു. രോഗാവസ്ഥയും ദുഃഖവും വിവിധ പീഡനങ്ങളും അനുഭവിച്ചവരെ അവിടുന്ന് സൗഖ്യമാക്കിയതിനാലാണ് ഒരു വലിയ വിഭാഗം അവിടുത്തെ പിന്നാലെ നടന്നിരുന്നതെന്ന് പാപ്പ ചൂണ്ടികാണിച്ചു. ഇവയെ കൂടാതെ മറ്റൊരു പ്രധാന കാരണവും ആള്‍ക്കൂട്ടത്തിന്റെ ഈ പ്രയാണത്തിന് പിന്നില്‍ ഉണ്ടായിരുന്നതായി പാപ്പ നിരീക്ഷിച്ചു.

"പിതാവായ ദൈവം അനേകരെ പുത്രനിലേക്ക് അടുപ്പിച്ചു. അവിടുത്തെ ഹിതപ്രകാരമാണ് ജനക്കൂട്ടം ക്രിസ്തുവിനെ പിന്‍പറ്റിയിരുന്നത്. ഇടയനില്ലാത്ത ആടുകളെ കണ്ട ക്രിസ്തുവിന് ജനത്തോട് മനസലിവ് തോന്നിയിരുന്നു. പരിശുദ്ധാത്മാവിന്റെ നിറവാണ് ക്രിസ്തുവിനെ അനുഗമിക്കുവാനുള്ള പ്രേരണ നമ്മിലേക്ക് നല്‍കുന്നത്. അശുദ്ധാത്മാക്കള്‍ ക്രിസ്തുവിനെ കാണുമ്പോള്‍ തന്നെ നീ ദൈവത്തിന്റെ പുത്രനാണെന്ന് വിളിച്ച് പറഞ്ഞ് ഓടി അകലുന്നതായി സുവിശേഷത്തില്‍ നമുക്ക് കാണാം".

"നമ്മള്‍ എപ്പോഴെല്ലാം ദൈവത്തിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം ഇത്തരം അശുദ്ധാത്മാക്കള്‍ നമ്മേ ശക്തമായി നേരിടുകയും പ്രലോഭനങ്ങള്‍ നമുക്ക് നേരെ അയക്കുകയും ചെയ്യും. വിജയിക്കണമെങ്കില്‍ നാം തിന്മയ്ക്ക് കീഴ്പ്പെടാതെ പ്രതിരോധിക്കണം. പിതാവാണ് നമ്മെ വിളിക്കുന്നതും, അയയ്ക്കുന്നതും, നയിക്കുന്നതും. അതിനാല്‍ ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലൂടെ ചരിക്കാം. ഹൃദയത്തില്‍ ക്രിസ്തുവിന്‍റെ വഴി തിരഞ്ഞെടുക്കുന്നവര്‍ സന്തോഷം അനുഭവിക്കുന്നു!". പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »