News - 2025
ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്ത് എഴുതി
സ്വന്തം ലേഖകന്‍ 20-01-2017 - Friday
മനില: ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം കത്ത് എഴുതി. 2015-ല്‍ ഫിലിപ്പീന്‍സില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട ഡ്യുട്ടേര്‍ട്ടിന്റെ ഈ മനംമാറ്റത്തെ അന്താരാഷ്ട്ര ലോകം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. തന്റെയും ജനങ്ങളുടെയും ആദരവും ബഹുമാനവും അറിയിക്കുന്നതിനാണ് ഡ്യൂട്ടേര്‍ട്ട് മാര്‍പാപ്പയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയ്ക്ക് നല്‍കിയിരിക്കുന്ന ഈ പ്രത്യേക കത്തിനെ ഒരു ക്ഷമാപണമായിട്ടാണ് ഏവരും വിലയിരുത്തുന്നത്.
"പരിശുദ്ധ പിതാവേ, എന്റെയും രാജ്യത്തിലെ പൗരന്‍മാരുടെയും ഊഷ്മളമായ ആശംസകള്‍ ബഹുമാനപൂര്‍വ്വം അറിയിക്കുന്നു. അവിടുന്ന് 2015-ല്‍ ഞങ്ങളുടെ രാജ്യത്തേക്ക് നടത്തിയ അപ്പോസ്‌ത്തോലിക സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ഫിലിപ്പിനോകളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വലിയ ഉന്നതിക്കായി അവിടുത്തെ സന്ദര്‍ശനം ഉപകരിച്ചു. വത്തിക്കാനുമായുള്ള ബന്ധത്തെ ഫിലിപ്പീന്‍സ് ഏറെ വിലമതിക്കുന്നു. കത്തോലിക്ക വിശ്വാസത്തെ ഏറെ ബഹുമാനത്തോടെയാണ് ജനത സ്വീകരിക്കുന്നത്. എന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ ബഹുമാനവും ആദരവും സ്വീകരിച്ചാലും". കത്തില്‍ ഡ്യൂട്ടേര്‍ട്ട് കുറിച്ചു.
അടുത്തിടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജീസസ് ഡിസൂസ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തി മാര്‍പാപ്പയുടെ കൈകള്‍ ചുംബിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പാപ്പയുടെ കൈകള്‍ ചുംബിച്ചു കൊണ്ടു ഫിലിപ്പീന്‍സിനെ അനുഗ്രഹിക്കേണമേ എന്ന് ജീസസ് ഡിസൂസ് പറഞ്ഞപ്പോള്‍, നിങ്ങളുടെ പ്രസിഡന്റിനേയും ആശീര്‍വദിക്കുന്നു എന്ന മറുപടിയാണ് പാപ്പ നല്‍കിയത്.
മയക്കുമരുന്നു വേട്ടയുടെ പേരില്‍ ആളുകളെ കൊന്നു തള്ളുന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്തു വന്നിരുന്നു. രാജ്യത്തെ പ്രസിഡന്റിനോടുള്ള വിയോജിപ്പ് പലപ്പോഴും സഭ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. പല അവസരങ്ങളിലും സഭയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഡ്യൂട്ടേര്‍ട്ടിന്റെ, മാനസാന്തരമാണ് കത്ത് സൂചിപ്പിക്കുന്നതെന്നു നീരിക്ഷകര്‍ വിലയിരുത്തുന്നു. സഭയുമായി അനുരഞ്ജനത്തോടെ മുന്നോട്ടു പോകുവാനുള്ള ഡ്യൂട്ടേര്‍ട്ടിന്റെ താല്‍പര്യമാണ് ഇതിലൂടെ വെളിവാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.
