News - 2025
ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 38 ശതമാനം വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 20-01-2017 - Friday
പാരീസ്: ഫ്രാന്‍സില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍. 'ഒബ്‌സര്‍വേറ്ററി ഡീ ലാ ക്രിസ്റ്റിയാനോഫോബി' എന്ന സംഘടന നടത്തിയ പഠനത്തിലാണ്, രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതായി വ്യക്തമായിരിക്കുന്നത്. 2015-ലെ കണക്കുകള്‍ പ്രകാരം 273 ആക്രമണങ്ങളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടന്നത്. 2016 ആയപ്പോഴേക്കും ആക്രമണങ്ങളുടെ എണ്ണം 376 ആയി ഉയര്‍ന്നു.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണം ഫാദര്‍ ജാക്വസ് ഹാമലിന്റെ കൊലപാതകമാണ്. കത്തോലിക്ക വൈദികനായ ഫാദര്‍ ജാക്വസ് ഹാമല്‍ ബലി അര്‍പ്പിക്കുമ്പോഴാണ് ഇസ്ലാമിക തീവ്രവാദികള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ച് വൈദികന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 'ദൂരെ പോകൂ സാത്താനെ' എന്ന് ഫാദര്‍ ജാക്വസ് ഹാമല്‍ മരണസമയം വിളിച്ചു പറഞ്ഞതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ പിന്നീട് നടന്ന ഒരു അനുസ്മരണ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. മുസ്ലീം പുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരം ചിത്രങ്ങള്‍ ദേവാലയത്തിന്റെ പുറത്തും അകത്തുമായി വരച്ച നിരവധി സംഭവങ്ങള്‍ ഫ്രാന്‍സില്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട കത്തോലിക്ക വിശ്വാസികളുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഫോര്‍ണസ് എന്‍ വീപ്പിസ് എന്ന പ്രദേശത്തും ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദേവാലയത്തിനുള്ളില്‍ നടത്തുന്ന ഇസ്ലാം തീവ്രവാദികളെ ഭയന്ന് പല വിശ്വാസികളും ദേവാലയത്തിലേക്ക് പോകുവാനും മടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തു നിന്നും ജൂതര്‍ കൂട്ടമായി ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നതും ഫ്രാന്‍സിലെ അവസ്ഥയുടെ ഭീകരത തുറന്നു കാണിക്കുന്നു. എണ്ണായിരത്തില്‍ അധികം ജൂത വിശ്വാസികളാണ് 2015-ല്‍ മാത്രം രാജ്യം വിട്ടത്. ഇസ്രായേല്‍ രൂപീകൃതമായതിന് ശേഷം ഫ്രാന്‍സില്‍ നിന്നും നടന്ന ഏറ്റവും വലിയ ജൂത കുടിയേറ്റങ്ങളില്‍ ഒന്നാണ് 2015-ല്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിരന്തരമുള്ള ആക്രമണത്തില്‍ മനംമടുത്ത് രാജ്യത്തെ കത്തോലിക്ക വിശ്വാസികളും തങ്ങളുടെ പ്രതികരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
മതേതരത്വ നിയമങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ നിലപാടിനെതിരെ വിശ്വാസികള്‍ രംഗത്തേക്കിറങ്ങുന്ന കാഴ്ച്ചയും ഫ്രാന്‍സില്‍ വ്യക്തമാണ്. പ്രസിഡന്‍ഷ്യല്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഫ്രാന്‍കോയിസ് ഫിലോണിന്റെ നേട്ടം ഇതിന്റെ തെളിവാണ്.
തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി തുറന്നു പറയുകയും, ഗര്‍ഭഛിദ്രത്തെ താന്‍ എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഫ്രാന്‍കോയിസ് ഫിലോണ്‍. കത്തോലിക്ക ഗ്രൂപ്പായ സെന്‍സ് കമ്യൂണ്‍ തങ്ങളുടെ പിന്‍തുണ ഫ്രാന്‍കോയിസ് ഫിലോണിനാണ് പ്രഖ്യാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിജയം ഫ്രാന്‍സില്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് തെളിയിക്കുന്നത്. അതേ സമയം ഇസ്ളാമിക തീവ്രവാദികളെ ഭയന്ന്‍ ദേവാലയങ്ങളില്‍ പോകാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഭയക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
