News - 2024

നവീകരണ കാലഘട്ടങ്ങളില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആംഗ്ലിക്കന്‍ സഭ

സ്വന്തം ലേഖകന്‍ 21-01-2017 - Saturday

ലണ്ടന്‍: നവീകരണത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ആദ്യ കാലഘട്ടങ്ങളില്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ആംഗ്ലിക്കന്‍ സഭ. കാന്റംബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും, യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ സെന്താമുവുമാണ് ഖേദപ്രകടനവുമായി രംഗത്തു വന്നിരിക്കുന്നത്. ക്രൈസ്തവ ഐക്യത്തിനു വേണ്ടി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി ഇറക്കിയ സന്ദേശത്തിലാണ് അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന പ്രശ്‌നങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ബിഷപ്പുമാര്‍ പറഞ്ഞത്.

"പരസ്പരമുള്ള അവിശ്വാസവും, മത്സരവും മൂലം വിവിധ പ്രശ്‌നങ്ങള്‍ അന്നുണ്ടായി. ക്രൈസ്തവ സാക്ഷ്യത്തിന് യോജിച്ച നടപടികളായിരുന്നില്ല അന്നു നടന്ന ഒരു സംഭവവും. വിശ്വാസത്തെ രണ്ടായി മുറിക്കുന്ന കാര്യങ്ങളാണ് ആ കാലങ്ങളില്‍ നടന്നത്. യൂറോപ്യന്‍ ക്രൈസ്തവര്‍ തന്നെ നവീകരണത്തിന്റെ പേരില്‍ രണ്ടായി വിഭജിക്കപ്പെട്ടു. അന്നത്തെ കലുഷിതമായ സാഹചര്യങ്ങള്‍ ക്രൈസ്തവ ജനത തന്നെ പരസ്പരം കലഹിക്കുവാന്‍ കാരണമായി തീര്‍ന്നു". ബിഷപ്പുമാരുടെ കുറിപ്പില്‍ പറയുന്നു.

കത്തോലിക്ക വിശ്വാസികളായ നിരവധി പേര്‍ക്ക് കൊടിയ പീഡനങ്ങളും മരണവും വരെ നേരിട്ട സംഭവങ്ങള്‍ നവീകരണത്തിന്റെ പേരില്‍ യൂറോപ്പില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയവും, സാമൂഹികവും, ദൈവശാസ്ത്രപരവുമായ കാര്യങ്ങളാണ് സഭയില്‍ നവീകരണത്തിന് വഴിതെളിയിച്ചത്. സഭയില്‍ വലിയ പിളര്‍പ്പാണ് ഇതു മൂലം ഉണ്ടായത്.

അടുത്തിടെ സ്വീഡനില്‍ നടന്ന നവീകരണത്തിന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുവാന്‍ മാര്‍പാപ്പ പോയത്, നവീകരണത്തിന്റെ വാര്‍ഷികത്തെ ആഘോഷിക്കുവാനല്ലെന്നു കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നിന്നു തന്നെ അഭിപ്രായം ഉയർന്നിരുന്നു. നവീകരണത്തിലൂടെ ഉണ്ടായ ഭിന്നതയാണ് ഇന്നും സഭയും സമൂഹവും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ ഈ ഭിന്നിപ്പുകളെ ഒരു പരിധി വരെ മറക്കുവാന്‍ പാപ്പയുടെ സന്ദര്‍ശനം ഉപകരിച്ചു.


Related Articles »