News - 2024
യുഎസ് പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ആദ്യദിനം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെച്ച് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍ 23-01-2017 - Monday
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള തന്റെ ആദ്യദിനം ദേവാലയത്തില്‍ ചെലവഴിച്ച് ഡൊണാള്‍ഡ് ട്രംപ്. രാജ്യം മുഴുവനും ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ച ഇരുപത്തിയൊന്നാം തീയതിയാണ് ട്രംപും കുടുംബവും ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കുടുംബവും ട്രംപിന് ഒപ്പം പ്രാര്‍ത്ഥനയില്‍ പങ്കാളികളായിരുന്നു. വാഷിംഗ്ടണ്ണിലെ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് പ്രാര്‍ത്ഥനയ്ക്കായി അമേരിക്കയുടെ 45-ാം പ്രസിഡന്റ് എത്തിയത്.
ട്രംപും ഭാര്യ മിലിയാനയും മൈക്ക് പെന്‍സും ഭാര്യ കാരനും വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ഏറ്റവും മുന്നിലെ നിരയിലാണ് പ്രാര്‍ത്ഥനയ്ക്കായി ഇരുന്നത്. പുതിയതായി ചുമതല ഏല്‍ക്കുന്ന പ്രസിഡന്റുമാര്‍ക്ക് എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ ഇത്തരത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ഹോപ്പ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ ബിഷപ്പായ ഹാരി ജാക്ക്‌സണ്‍ ആണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിച്ചത്.
പുതിയ ചുമതലകള്‍ സ്വീകരിച്ചിരിക്കുന്ന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റ് ഭരണാധികാരികള്‍ക്കും ജനത്തെ നല്ലതുപോലെ ഭരിക്കുവാനുള്ള ദൈവീക ജ്ഞാനം നല്‍കണമെന്ന് ബിഷപ്പ് ഹാരി ജാക്ക്‌സണ്‍ പ്രാര്‍ത്ഥിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും സ്വാതന്ത്ര്യവും അന്തസും ഉറപ്പാക്കുവാന്‍ ട്രംപിനും പെന്‍സിനും ദൈവീകമായ പ്രത്യേക സഹായം നല്‍കണമെന്നും ബിഷപ്പ് ഹാരി ജാക്ക്‌സണ്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു.
റോമന്‍ കത്തോലിക്ക, എപ്പിസ്‌ക്കോപ്പല്‍, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ വിവിധ ക്രൈസ്തവ സഭകളുടെ പ്രാര്‍ത്ഥനകള്‍ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ ഭാഗമായി ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ജൂതമതത്തില്‍ നിന്നുള്ള പ്രാര്‍ത്ഥനയും ദേവാലയത്തില്‍ നടന്നു. സിക്കു മത വിശ്വാസികളും, ഹൈന്ദവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ദേവാലയത്തില്‍ എത്തിയ നാനാമതസ്ഥര്‍ പുതിയ ഭരണാധികാരികള്‍ക്കായി പ്രാര്‍ത്ഥിച്ചു.
എല്ലാ ക്രിസ്തുമസ് ദിനങ്ങളിലും ഫ്‌ളോറിഡയിലെ തന്റെ എസ്‌റ്റേറ്റിന് സമീപമുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി പോകുന്ന പതിവ് ഡൊണാള്‍ഡ് ട്രംപിനുണ്ട്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണമാണ് രാജ്യത്തിന് ഉള്ളതെന്നും ട്രംപ് പറഞ്ഞിരുന്നു. തന്റെ ക്രൈസ്തവ വിശ്വാസം നിരവധി തവണ ഏറ്റുപറഞ്ഞ വ്യക്തിയാണ് വൈസ് പ്രസിഡന്‍റായ മൈക്ക് പെന്‍സ്.