News
ആസിയ ബീബിയെ മോചിപ്പിക്കുവാന്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നു ആവശ്യപ്പെട്ട് ബ്രിട്ടനില്‍ പ്രതിഷേധറാലി
സ്വന്തം ലേഖകന്‍ 06-02-2017 - Monday
ലണ്ടന്‍: പ്രവാചകനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ക്രൈസ്‌തവ വനിത ആസിയ ബീബിയെ മോചിപ്പിക്കാന്‍ ബ്രിട്ടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ഡൗണിംഗ് സ്‌ട്രീറ്റില്‍ പ്രതിഷേധ റാലി നടത്തി. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്‌ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മാര്‍ച്ച്, പാകിസ്ഥാന്‍ എംബസിയില്‍ നിന്നാരംഭിച്ച് ഡൗണിംഗ് സ്‌ട്രീറ്റിലെത്തി 20,000 പേരുടെ ഒപ്പോടുകൂടിയ നിവേദനം അധികാരികള്‍ക്കു കൈമാറി.
ആസിയ ബീബിയുടെ വിചാരണ നീതിയുക്തമാെണന്ന് പാകിസ്ഥാന്‍ ഉറപ്പാക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ അവഞ്‌ജയോടെ കാണുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അഞ്ചു മക്കളുടെ അമ്മയായ ആസിയ ബീബി ഏഴു വര്‍ഷമായി ജയിലിലാണ്. പാകിസ്ഥാന്റെ മുഖ്യദാതാക്കളായ ബ്രിട്ടനും അമേരിക്കയും വിദേശ സഹായ ബജറ്റില്‍ വന്‍തുകകള്‍ വകയിരുത്തുമ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നു കൂടി ഉറപ്പാക്കണമെന്ന് അസോസിയേഷന്‍ നേതാവായ വില്‍സന്‍ ചൗധരി പറഞ്ഞു.
"ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ബ്രിട്ടന്റെ ഔദ്യോഗിക നയമാണ്. ഒപ്പം, വിദ്യാഭ്യാസവും ആരോഗ്യവും പ്രധാനമാണ്. പാകിസ്ഥാനിലെ ക്രൈസ്‌തവരില്‍ ഭൂരിഭാഗവും ദരിദ്രരാണ്. നിര്‍ഭാഗ്യത്തിന് അവര്‍ അവിടെ കഴിയുന്നത് കടക്കെണികളില്‍ പെട്ട് അടിമകളെപ്പോലെയാണ്. ഇവര്‍ ആസൂത്രിത മത പീഢനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളേയും സ്‌ത്രീകളേയും ഇസ്ലാം മതസ്ഥര്‍ നിരന്തരം ലൈംഗീക അടിമകളാക്കുന്നുണ്ട്".
"ഇവരെ തട്ടിക്കൊണ്ടു പോകുന്നതും ബലാല്‍ത്സംഗം ചെയ്യുന്നതും പാകിസ്ഥാനില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തുടര്‍ന്നു വിവാഹത്തിനും ക്രൈസ്‌തവ വനിതകള്‍ ഇരയാകുന്നു. ഈ സാമൂഹ്യ നീചതക്കെതിരെ അമേരിക്കയും ബ്രിട്ടനും ഉണരേണ്ട കാലം അതിക്രമിച്ചിരിക്കയാണ്". വില്‍സന്‍ പറഞ്ഞു. ലണ്ടനില്‍ നടന്നതുപോലുള്ള പ്രതിഷേധ മാര്‍ച്ച് ഈ മാസം മാഞ്ചസ്റ്റര്‍, ബര്‍മിംങ്‌ഹാം, ഗ്ലാസ്‌ഗോവ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ നേതൃത്വം വ്യക്തമാക്കി.
