News - 2025

"യേശുവിന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു": ലെബനോനില്‍ നിന്ന് ഒരു ക്രൈസ്തവ സാക്ഷ്യം

സ്വന്തം ലേഖകന്‍ 06-02-2017 - Monday

ബെയ്‌റൂട്ട്‌: ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ലെബനനില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് മിരെയ്‌ലി എലാഹി എന്ന യുവതി ശ്രദ്ധേയയാകുന്നു. യേശുവിന്റെ നാട്ടില്‍ ജനിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന്‌ മിരെയ്‌ലി എലാഹി പറഞ്ഞു. 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന ന്യൂസ് പോര്‍ട്ടലാണ് മിരെയ്‌ലി എലാഹിയുടെ ക്രൈസ്തവ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന വേദനകളില്‍ ഏറെ ദുഃഖമുണ്ടെന്നും മതപീഢനങ്ങളും അതിക്രൂരമായ ആക്രമണങ്ങളും സ്വന്തം രാജ്യത്തു നിന്ന്‍ രക്ഷപ്പെടാന്‍ ക്രൈസ്തവരെ പ്രേരിപ്പിക്കുകയാണെന്നും മിരെയ്‌ലി എലാഹി പറയുന്നു.

"ലെബനന്‍ മേഖലയിലെ ക്രൈസ്‌തവ സാന്നിധ്യത്തിന്‌ ക്രിസ്‌തു മതത്തോളം പഴക്കമുണ്ട്‌. അപ്പസ്‌തോലന്മാരായ പത്രോസും പൗലോസും ജനക്കൂട്ടങ്ങളോട്‌ സുവിശേഷ പ്രസംഗങ്ങള്‍ നടത്തിയത്‌ ഇവിടെയാണ്‌. യേശുനാഥന്‍ ഒരു അത്ഭുതം പ്രവര്‍ത്തിച്ചതും ഈ പ്രദേശത്തു വെച്ചായിരുന്നു. ഇത് ഇപ്പോഴത്തെ തെക്കന്‍ ലെബനനിലെ ടയറിലും സിദോനിലുമായിരുന്നു. യേശുവിന്റെ നാട്ടില്‍ താമസിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു". മിരെയ്‌ലി എലാഹി പറയുന്നു.

"മദ്ധ്യപൂര്‍വ്വ ദേശങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. മേഖലയില്‍ ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അത്താണിയായി മാറിയ രാജ്യമാണ്‌ ലെബനന്‍. ഇപ്പോഴും ഇതു തുടരുകയാണ്‌. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെടാനായി ലെബനനിലേക്കായിരുന്നു വന്‍തോതില്‍ പലായനം ചെയ്‌തത്‌. രണ്ടാം മഹായുദ്ധം കഴിഞ്ഞപ്പോള്‍ പലസ്‌തിന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഇറാഖുകാരേയും സിറിയക്കാരേയും ലെബനന്‍ സ്വാഗതം ചെയ്‌തു".

"തുടക്കം മുതല്‍ ലെബനാന്‍ അഭയാര്‍ഥികളുടെ രാജ്യമാണ്‌, ഇതര രാജ്യക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും അവരാല്‍ രൂപം കൊള്ളുകയും ചെയ്‌ത നാടാണിത്‌. ഏറെ പ്രത്യേകതകളും വ്യത്യസ്ഥതകളും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്‌ ലെബനന്‍. വിവിധ മതങ്ങളും വിശ്വാസങ്ങളും കാത്തു സൂക്ഷിക്കുന്ന ജനതയാണെന്നത്‌ ശ്രദ്ധേയമാണ്‌. ലെബനാന്‍ ലോകത്തിനു മാതൃക മാത്രമല്ല, ഒരു റോള്‍ മോഡല്‍ കൂടിയാണ്‌. പാര്‍ലമെന്റിലെയും സര്‍ക്കാരിലെയും നേതാക്കളെ ക്രൈസ്‌തവ- ഇസ്ലാം മതസ്ഥര്‍ പ്രതിനിധാനം ചെയ്യുന്നു. ക്രിസ്‌ത്യന്‍, മുസ്ലിം ഡെപ്യുട്ടികളുണ്ട്‌. ക്രിസ്‌ത്യന്‍ മന്ത്രിമാരും മുസ്ലിം മന്ത്രിമാരും ലെബനനിന്റെ പ്രത്യേകതയാണ്‌".

"യേശു ജനിച്ചത്‌ ഈ മധ്യപൂര്‍വ്വ ദേശത്താണ്‌. മേഖലയിലെ മറ്റു രാജ്യങ്ങള്‍ ക്രിസ്‌ത്യാനികള്‍ക്കായി പരിഗണന നല്‍കിയാല്‍ അവരിവിടെയുണ്ടാകും. മതപീഢനങ്ങളും അതിക്രൂരതകളും വരെ ഇവിടേനിന്നും രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുകയാണ്‌. അവരിവിടെ ഉണ്ടാകേണ്ടവരാണ്‌. ഏറെ മുല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരും സമാധാനത്തില്‍ വിശ്വസിക്കുന്നവരുമാണവര്‍". മിരെയ്‌ലി എലാഹി കൂട്ടിച്ചേര്‍ത്തു.


Related Articles »