News - 2025
ജാര്‍ഖണ്ഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനു ക്രിസ്ത്യാനിയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 15-02-2017 - Wednesday
റാഞ്ചി: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് ജാര്‍ഖണ്ഡില്‍ ക്രൈസ്തവ വിശ്വാസിയെ തണുത്തുറഞ്ഞ കുളത്തിലേക്കെറിഞ്ഞു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 50 വയസ്സുകാരനായ ബാര്‍ട്ടു ഉറാണ്‍ എന്ന വ്യക്തിയാണ് ധീരരക്തസാക്ഷിത്വം വഹിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളായ ഏഷ്യന്യൂസും മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബന്ധനസ്ഥനാക്കി പതിനേഴ് മണിക്കൂറുകളോളം കുളത്തില്‍ കിടത്തിയിട്ടും ബാര്‍ട്ടു തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാതെ രക്തസാക്ഷിത്വം വരിക്കുകയായിരിന്നു.
പലാമു ജില്ലയിലെ കുബുവാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ മറ്റ് കുടുംബക്കാര്‍ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി ഹൈന്ദവ വിശ്വാസം സ്വീകരിച്ചെങ്കിലും ബാര്‍ട്ടുവും അദ്ദേഹത്തിന്റെ കുടുംബവും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറായിരിന്നില്ല. തുടര്‍ന്നാണ് ബാര്‍ട്ടു ഉറാണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വൃക്ഷങ്ങളെ ആരാധിച്ചിരുന്ന ആദിവാസി ഹിന്ദുക്കളാണ് ആക്രമത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
അടുത്തിടെ തങ്ങളുടെ ഭവനത്തില്‍ 15-ഓളം ഹിന്ദുക്കള്‍ വന്ന്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന് ഭീഷണി മുഴക്കിയതായി ബാര്‍ട്ടു ഉറാണിന്റെ മകന്‍ ബെനേശ്വര്‍ പറഞ്ഞു. "ഞാന്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുകയില്ല എന്റെ അവസാന ശ്വാസം വരെ ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കും" എന്ന് പിതാവ് പറഞ്ഞതായും, കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്റെ പിതാവിനെ ബലിയര്‍പ്പിച്ച മാംസം തീറ്റിപ്പിച്ചതായും ബെനേശ്വര്‍ വെളിപ്പെടുത്തി. കുബുവാ ഗ്രാമത്തില്‍ മൃഗബലി സാധാരണമാണെന്നു റിപ്പോര്‍ട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള കത്തോലിക്കാ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016-ല്‍ ഏറ്റവും ചുരുങ്ങിയത് പത്തോളം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.3% മാത്രമാണ് ക്രിസ്ത്യാനികള്‍. ‘ഓപ്പണ്‍ ഡോര്‍’ ന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യ 15-മത്തെ സ്ഥാനത്താണ്. ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ തുടരുകയാണ്.