News
2017-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
സ്വന്തം ലേഖകന്‍ 13-02-2017 - Monday
പ്രിയ സഹോദരീ സഹോദരന്മാരെ,
നോമ്പുകാലം ഒരു തുടക്കമാണ്. മരണത്തിന്മേല്‍ ക്രിസ്തു നേടിയ വിജയമാകുന്ന ഉത്ഥാനം എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന പാതയാണ്. മാനസാന്തരപ്പെടാന്‍ ഈ കാലം നമ്മെ നിര്‍ബന്ധിക്കുന്നു. "പൂര്‍ണ്ണ ഹൃദയത്തോടെ" (ജോയേല്‍ 2:12) ദൈവത്തിലേക്ക് പിന്തിരിയാനും മന്ദത ഉപേക്ഷിച്ച് കര്‍ത്താവുമായുള്ള സൗഹൃദ ബന്ധത്തില്‍ വളരാനും ക്രൈസ്തവരോട് അത് ആവശ്യപ്പെടുന്നു. നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് യേശുക്രിസ്തു. നമ്മള്‍ പാപം ചെയ്യുമ്പോഴും അവിടുന്ന് നമ്മുടെ തിരിച്ചുവരവിനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു. ക്ഷമാപൂര്‍വ്വകമായ ആ പ്രതീക്ഷ വഴി ക്ഷമിക്കാനുള്ള അവിടത്തെ സന്നദ്ധത നമുക്കു വ്യക്തമാക്കിത്തരുന്നു.
സഭ നല്‍കുന്ന വിശുദ്ധീകരണ മാര്‍ഗങ്ങളിലൂടെ ആധ്യാത്മിക ജീവിതം ആഴപ്പെടുത്താന്‍ അനുകൂലമായ കാലമാണ് നോമ്പുകാലം. ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മദാനം എന്നിവയാണ് വിശുദ്ധീകരണമായ മാര്‍ഗങ്ങള്‍. എല്ലാറ്റിന്‍റെയും അടിസ്ഥാനമായിട്ടുള്ളത് ദൈവവചനമാണ്. ദൈവവചനം കേള്‍ക്കാനും അതിനെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനും നോമ്പുകാലത്തു നാം ക്ഷണിക്കപ്പെടുന്നു. ഇവിടെ സമ്പന്നനായ മനുഷ്യന്‍റെയും ലാസറിന്‍റെയും ഉപമയെപ്പറ്റി ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (Cf ലൂക്കാ. 16: 19-31) അര്‍ത്ഥപൂര്‍ണമായ ഈ കഥയില്‍ നിന്ന് നമുക്കു പ്രചോദനം സ്വീകരിക്കാം. കാരണം, യഥാര്‍ത്ഥ സന്തോഷവും നിത്യജീവനും നേടാന്‍ നിത്യജീവനും നേടാന്‍ നാം എന്താണു ചെയ്യേണ്ടതെന്ന് ആ ഉപമ പഠിപ്പിക്കുന്നു. ആത്മാര്‍ത്ഥമായി മാനസാന്തരപ്പെടാന്‍ അത് ആഹ്വാനം ചെയ്യുന്നു.
1. അപരന്‍ ഒരു ദാനമാണ്
ആ ഉപമ തുടങ്ങുന്നത് പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ്. ദരിദ്രനായ മനുഷ്യനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അയാള്‍ കഷ്ടതയില്‍പ്പെട്ട് നില്‍ക്കാന്‍ പോലും കഴിവില്ലാതായവനാണ്. അയാള്‍ സമ്പന്നന്‍റെ പടിവാതുക്കല്‍ക്കിടന്ന് സമ്പന്നന്‍റെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നു കഴിയുന്നു. അയാളുടെ ശരീരം മുഴുവനും വ്രണമാണ്. പട്ടികള്‍ വന്ന് അയാളുടെ മുറിവുകള്‍ മുഴുവനും നക്കിക്കൊണ്ടിരിക്കുന്നു. (Cf . 20-21). വലിയ കഷ്ടതയുടെ ചിത്രമാണിത്. നിര്‍ഭാഗ്യവാനും സഹതാപത്തിന് അര്‍ഹനുമായ ഒരു മനുഷ്യനെ അതു ചിത്രീകരിക്കുന്നു.
ആ ദരിദ്രന്‍ ലാസര്‍ എന്നു വിളിക്കപ്പെടുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ചിത്രം കൂടുതല്‍ നാടകീയമായിത്തീരുന്നു. "വാഗ്ദാനങ്ങള്‍ നിറഞ്ഞവന്‍" എന്നാണ് ആ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ പേരിന്‍റെ വാച്യാര്‍ത്ഥം "ദൈവം സഹായിക്കുന്നു" എന്നാണ്. ഈ കഥാപാത്രം അജ്ഞാതമല്ല. അയാള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രമുള്ള വ്യക്തിയായി അയാള്‍ കാണപ്പെടുന്നു. അയാള്‍ സമ്പന്നന് പ്രായോഗികമായി അദൃശ്യനാനെങ്കിലും പരിചയക്കാരനായി അയാളെ നാം കാണുകയും ചെയ്യുന്നുണ്ട്. അയാള്‍ ഒരു മുഖമാണ്. ആ നിലയില്‍ ഒരു ദാനമാണ്. അമൂല്യ നിധിയാണ്. സമുദായ ഭ്രഷ്ടനെന്ന നിലയാണ്, വസ്തുനിഷ്ഠമായി അയാള്‍ക്കുള്ളതെങ്കിലും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് (Cf Homily, 8 January 2016).
മറ്റു വ്യക്തികള്‍ ഒരു ദാനമാണെന്ന് ലാസര്‍ നമ്മെ പഠിപ്പിക്കുന്നു. ആളുകളുമായുള്ള ശരിയായ ശരിയായ ബന്ധം അവരുടെ മൂല്യത്തെ നന്ദിപൂര്‍വ്വം അംഗീകരിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. സമ്പന്നന്‍റെ വാതില്‍പ്പടിക്കല്‍ കിടക്കുന്ന ദരിദ്രന്‍ പോലും ഒരു ശല്യമല്ല. പിന്നെയോ മാനസാന്തരത്തിനും മാറ്റത്തിനും വേണ്ടിയുള്ള വിളിയാണ്. നമ്മുടെ ഹൃദയത്തിന്‍റെ വാതിലുകള്‍ തുറക്കാന്‍ ഈ ഉപമ ഒന്നാമതായി നമ്മെ പഠിപ്പിക്കുന്നു. കാരണം, ഓരോ വ്യക്തിയും ഒരു ദാനമാണ് ആ വ്യക്തി നമ്മുടെ അയല്‍ക്കാരനായാലും അറിയപ്പെടാത്ത ദരിദ്രനായാലും ഒരു ദാനമാണ്. ആവശ്യത്തില്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയാനും അവരില്‍ യേശുവിന്‍റെ മുഖം കാണാനും വേണ്ടി വാതിലുകള്‍ തുറക്കാനുള്ള സമുചിതമായ സമയമാണ് നോമ്പുകാലം.
ഓരോ ദിവസവും ഇത്തരത്തിലുള്ളവരെ നാം കണ്ടുമുട്ടുന്നുണ്ട്. സ്വീകരണവും ആദരവും സ്നേഹവും അര്‍ഹിക്കുന്ന ഒരു ദാനമാണ് നാം ഓരോ ദിവസവും കണ്ടുമുട്ടുന്ന ഓരോ ജീവിതം. ജീവനെ സ്വാഗതം ചെയ്യാനും സ്നേഹിക്കാനും, പ്രത്യേകിച്ച് അത് ദുര്‍ബലവും മുറിപ്പെടാവുന്നതുമാണെങ്കില്‍ നമ്മുടെ കണ്ണുകള്‍ തുറക്കാന്‍ ദൈവവചനം നമ്മെ സഹായിക്കുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന്, സുവിശേഷം സമ്പന്നനെപ്പറ്റി പറയുന്നതെന്താണെന്ന് ഗൗരവപൂര്‍വ്വം പരിഗണിക്കണം.
2. പാപം നമ്മെ ബന്ധിക്കുന്നു.
സമ്പന്നനായ മനുഷ്യനോടു ബന്ധപ്പെട്ട വൈരുധ്യങ്ങള്‍ ഉപമയില്‍ പൂര്‍ണമായി വിവരിച്ചിട്ടുണ്ട്. (Cf വാ.19) ലാസറിനുള്ളതുപോലെ ഒരു പേര് സമ്പന്നനില്ല. അയാള്‍ വെറുതെ "സമ്പന്നനായ മനുഷ്യന്‍" എന്നുമാത്രം വിളിക്കപ്പെടുന്നു. അയാളുടെ സമ്പത്തിന്‍റെ അതിസമൃദ്ധി അയാളുടെ അനിയന്ത്രിതവും അമിതച്ചെലവുള്ളതുമായ വസ്ത്രങ്ങളില്‍ത്തന്നെ കാണാവുന്നതാണ്. ചെമന്നപട്ട് വെള്ളിയെക്കാളും സ്വര്‍ണ്ണത്തേക്കാളും വിലകൂടിയതായിരുന്നു. അതുകൊണ്ട് അത് അവയെല്ലാം ദേവന്മാര്‍ക്കും (Cf. ജറ 19:9), രാജാക്കന്മാര്‍ക്കും (Cf ന്യായാ 8:26) മാത്രം ഉപയോഗിക്കാവുന്നവയായിരുന്നു.
മൃദുല വസ്ത്രം അതു ധരിക്കുന്നവന് മിക്കവാറും വിശുദ്ധരുടെ ഭാവം നല്‍കിയിരുന്നു. അയാള്‍ സ്വന്തം സമ്പദ് സമൃദ്ധിയെ പ്രദര്‍ശിപ്പിക്കാന്‍ ശീലമായിട്ടുള്ളവനായിരുന്നുവെന്നതു വ്യക്തമാണ്. അത് അയാള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അയാള്‍ "എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു" (Cf വാ. 19) അയാളില്‍ പാപംകൊണ്ടുള്ള ഭൂഷണത്തെ നമുക്കു നാടകീയമായി കാണാന്‍ കഴിയും. അത് അനുക്രമമായ മൂന്നു ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു. ധനമോഹം, പൊള്ളയായ സ്വയം ആത്മാഭിമാനം, അഹങ്കാരം എന്നിവയാണ് ആ ഘട്ടങ്ങള്‍ (Cf ഹോമിലി, 20 Sept. 2013).
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ പഠിപ്പിക്കുന്നു: "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിവേര്" (1 തിമോ. 6:10). അതാണ് അഴിമതിയുടെ കാരണം, അസൂയ, മത്സരം, സംശയം എന്നിവയുടെ ഉറവിടവും അതാണ്. പണത്തിന് നമ്മുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയും. സ്വേച്ഛാധിപത്യപരമായ വിഗ്രഹമായിത്തീരാന്‍പോലും കഴിയും (cf സുവിശേഷത്തിന്‍റെ സന്ദേശം 55). നന്മ ചെയ്യാനും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢൃം കാണിക്കാനും നമ്മെ സേവിക്കുന്ന ഒരു ഉപകാരണമായിരിക്കേണ്ടതാണു പണം. പക്ഷേ അത് അതിനുപകരം നമ്മെയും മുഴുവന്‍ ലോകത്തെയും സ്നേഹിക്കാന്‍ ഇടം തരാത്തതും സമാധാനത്തെ തടയുന്നതുമായ സ്വാര്‍ത്ഥതയുടെ യുക്തിയില്‍ കെട്ടിയിടും.
അങ്ങനെ സമ്പന്നനെ അയാളുടെ അത്യാഗ്രഹം ശൂന്യനാക്കുന്നുവെന്ന് ഈ ഉപമ കാണിച്ചുതരുന്നു. അയാളുടെ വ്യക്തിത്വം തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവരെ കാണിക്കുന്നതില്‍, പ്രദര്‍ശനങ്ങളില്‍, പ്രകാശിക്കപ്പെടുന്നു. എന്നാല്‍ അയാളുടെ ബാഹ്യശോഭ അയാളുടെ ആന്തരികശൂന്യതയെ മറച്ചുവയ്ക്കുന്നു. അയാളുടെ ജീവിതം ബാഹ്യപ്രകടനത്തിന്‍റെ തടവുകാരനാണ്. അസ്തിത്വത്തിന്‍റെ ഏറ്റവും ഉപരിവിപ്ലവവും ക്ഷണഭംഗുരുവുമായ വശങ്ങളുടെ തടവുകാരനാണ് (cf ibid, 62).
അയാളുടെ ധാര്‍മ്മികാധ:പതനത്തിന്‍റെ ഏറ്റവും അടിയിലെ ചവിട്ടുപടി അഹങ്കാരമാണ്. സമ്പന്നനായ ആ മനുഷ്യന്‍ രാജാവിനെപ്പോലെ വേഷങ്ങള്‍ അണിയുന്നു. ഒരു ദൈവത്തെപ്പോലെ പെരുമാറുന്നു. കേവലം മരണമുള്ളവനാണ് താനെന്ന് അയാള്‍ മറക്കുന്നു. സമ്പത്തിനോടുള്ള സ്നേഹത്താല്‍ ജീര്‍ണിച്ചവര്‍ക്ക് അവരുടെ തന്നെ അഹംഭാവമല്ലാതെ മറ്റൊന്നുമില്ല. തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അവര്‍ കാണുന്നില്ല. പണത്തോടുള്ള ഒട്ടിച്ചേരല്‍ ഒരുതരം അന്ധതയാണ്. വിശന്നും മുറിവേറ്റും തന്‍റെ വാതില്‍പ്പടിക്കല്‍ കിടക്കുന്ന ദരിദ്രനെ സമ്പന്നന്‍ കാണുന്നേയില്ല.
ഈ കഥാപാത്രത്തിലേക്കു നോക്കുമ്പോള്‍ നമുക്കു മനസ്സിലാകും എന്തുകൊണ്ടാണ് സുവിശേഷം ഇത്ര കര്‍ക്കശമായി ദ്രവ്യാഗ്രഹത്തെ ശപിക്കുന്നതെന്ന്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമ്മോനെയും ഒരേ സമയം സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല" (മത്താ 6:24).
3. വചനം ഒരു ദാനമാണ്
സമ്പന്നനെയും ലാസറിനെയും കുറിച്ചുള്ള സുവിശേഷം ഈസ്റ്ററിനായി നന്നായിട്ട് ഒരുങ്ങാന്‍ നമ്മെ സഹായിക്കുന്നു. വിഭൂതി ബുധനാഴ്ചയിലെ ലിറ്റര്‍ജി സമ്പന്നന്‍റേതിനോടു തികച്ചും സമാനമായ ഒരനുഭവത്തിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്. വൈദികര്‍ തലയില്‍ ചാരം പുരട്ടുമ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കുന്നു: "നീ പൊടിയാണെന്നും പൊടിയിലേക്കു പിന്തിരിയുമെന്നും ഓര്‍ക്കുക". സമ്പന്നനും ദരിദ്രനും മരിച്ചു. ആ ഉപമയിലെ വലിയ ഭാഗവും സംഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. രണ്ടു കഥാപാത്രങ്ങളും ഒരു വസ്തുത പെട്ടെന്ന് തിരിച്ചറിയുന്നു. "നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല" എന്നതാണ് ആ വസ്തുത.
മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുന്നുവെന്നും നമ്മള്‍ കാണുന്നു. സമ്പന്നന്‍ അവസാനം അബ്രാഹത്തോടു സംസാരിക്കുന്നു. അബ്രാഹത്തെ അയാള്‍ "പിതാവേ" എന്നു വിളിക്കുന്നു (ലൂക്കാ 16:24-27). താന്‍ ദൈവജനത്തിലെ അംഗമാണെന്ന് സൂചിപ്പിക്കാനാണത്. ഈ വിശദീകരണം അയാളുടെ ജീവിതത്തെ കൂടുതല്‍ വൈരുദ്ധ്യമുള്ളതാക്കുന്നു. കാരണം ആ നിമിഷംവരെ തനിക്ക് ദൈവത്തോടുള്ള ബന്ധം അയാള്‍ സൂചിപ്പിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ അയാളുടെ ജീവിതത്തില്‍ ദൈവത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അയാളുടെ ഏകദൈവം അയാളായിരുന്നു.
മരണാനന്തര ജീവിതത്തിലെ പീഡനങ്ങള്‍ക്കിടയില്‍ മാത്രമാണ് ആ സമ്പന്നന്‍ ലാസറിനെ തിരിച്ചറിയുന്നത്. തന്‍റെ സഹനം കുറയ്ക്കാന്‍ ആ ദരിദ്രന്‍ ഒരു തുള്ളി വെള്ളം കൊടുക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നതും എന്നാല്‍ ഒരിക്കലും ചെയ്യാതിരുന്നതുമായ ഒരു കാര്യത്തോടു സമാനമായ ഒരു കാര്യമാണ് ലാസറിനോട് അയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അബ്രഹാം സമ്പന്നനോടു പറയുന്നു: "മകനെ, നീ ഓര്‍മ്മിക്കുക, നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു" (വാക്യം 25). സമ്പന്നന്‍ പറഞ്ഞ തടസ്സവാദങ്ങളെ എല്ലാം എതിര്‍ത്തുകൊണ്ട് അബ്രഹാം പറയുന്നു: "മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന്‍ ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാകുകയില്ല" (വാക്യം 31).
അങ്ങനെ, സമ്പന്നന്‍റെ യഥാര്‍ത്ഥ പ്രശ്നം വെളിവാകുന്നു. ദൈവവചനം കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അയാളുടെ എല്ലാ കഷ്ടതകളുടെയും അടിസ്ഥാനം. ദൈവത്തിന്‍റെ വചനം കേള്‍ക്കാത്തതിന്‍റെ ഫലമായി അയാള്‍ ദൈവത്തെ ഒട്ടും സ്നേഹിച്ചില്ല. അയല്‍ക്കാരനെ കൂടുതല്‍ കൂടുതല്‍ പുച്ഛിക്കുകയും ചെയ്തു. ദൈവവചനം സജീവവും സുശക്തവുമാണ്.; ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അവയെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടു ചെല്ലാനും കഴിവുള്ളതാണ്. നമ്മള്‍ ദൈവവചനമാകുന്ന ദാനത്തിനെതിരേ ഹൃദയവാതില്‍ അടയ്ക്കുമ്പോള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാകുന്ന ദാനത്തിനെതിരെ ഹൃദയവാതില്‍ അടയ്ക്കുകയാണ്.
പ്രിയ സുഹൃത്തുക്കളെ, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുതുക്കാന്‍, അവിടത്തെ വചനത്തിലും കൂദാശകളിലും നമ്മുടെ അയല്‍ക്കാരിലും ജീവിച്ചുകൊണ്ട് അവിടന്നുമായുള്ള നമ്മുടെ ബന്ധം പുതുക്കാന്‍, അനുകൂലമായ കാലമാണ് നോമ്പുകാലം. നാല്പതുദിവസത്തെ ഉപവാസകാലത്ത് പ്രലോഭകന്‍റെ വഞ്ചനകളെ കീഴടക്കിയ കര്‍ത്താവ്, നമ്മള്‍ സഞ്ചരിക്കേണ്ട വഴി കാണിച്ചുതരുന്നു.
മാനസാന്തരത്തിലേക്കുള്ള യഥാര്‍ത്ഥ യാത്രയില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കാന്‍ ഇടയാകട്ടെ. അങ്ങനെ ദൈവവചനമാകുന്ന ദാനം തിരിച്ചറിയാനും നമ്മെ കുരുടന്മാരാക്കുന്ന പാപത്തില്‍ നിന്ന്‍ വിശുദ്ധീകരിക്കപ്പെട്ടവരാകാനും ആവശ്യത്തില്‍പ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു വേണ്ടി സേവനം ചെയ്യാനും നമുക്കു കഴിയട്ടെ.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സഭാപരമായ സംഘടനകള്‍ നടത്തുന്ന നോമ്പുകാല ക്യാംപെയിനുകളില്‍ പങ്കുചേര്‍ന്നുകൊണ്ടും അങ്ങനെ നമ്മുടെ ഏക മനുഷ്യകുടുംബത്തില്‍ കണ്ടുമുട്ടലിന്‍റെ സംസ്ക്കാരത്തെ അനുകൂലിച്ചുകൊണ്ടും ഈ ആധ്യാത്മിക നവീകരണത്തോട് വിശ്വസ്തത കാണിക്കാന്‍ ഞാന്‍ എല്ലാ വിശ്വാസികളെയും പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും പരസ്പരം പ്രാര്‍ത്ഥനാസഹായം നല്‍കാം. അങ്ങനെ ക്രിസ്തുവിന്‍റെ വിജയത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കുമായി നമ്മുടെ വാതിലുകള്‍ തുറക്കാം. അപ്പോള്‍ ഈസ്റ്ററിന്‍റെ സന്തോഷം അനുഭവിക്കാനും അതില്‍ പൂര്‍ണ്ണമായി പങ്കു ചേരാനും നമുക്കു കഴിയും.
വിവര്‍ത്തനത്തിന് കടപ്പാട്: പി.ഓ.സി കാക്കനാട്