News - 2025
മുംബൈയില്‍ ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്തു
സ്വന്തം ലേഖകന്‍ 20-02-2017 - Monday
മുംബൈ: കുര്‍ളയിലെ റോഡിനരുകിലുള്ള ഗ്രോട്ടോയില്‍ പ്രതിഷ്‌ഠിച്ചിരുന്ന ദൈവമാതാവിന്റെ തിരുസ്വരൂപം അജ്ഞാത സംഘം തകര്‍ത്ത് വികൃതമാക്കി. ഞായറാഴ്‌ച പുലര്‍ച്ചെ നാലുമണിയോടടുത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്തു രൂപം വികൃതമാക്കുകയായിരിന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം സ്ഥലത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നു യുവാക്കളാണ് ഗ്രോട്ടോയുടെ ചില്ലുകള്‍ തകര്‍ത്ത് രൂപം വികൃതമാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു സ്ഥലത്തെ കടകള്‍ അടച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന പടിഞ്ഞാറന്‍ കുര്‍ളയില്‍ 7,000 ത്തോളം ക്രൈസ്‌തവ വിശ്വാസികള്‍ താമസിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി പരിശോധിച്ചു വരികയാണെന്നു മേഖല ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി. പരംജിത്ത് സിംഗ് പറഞ്ഞു.
നേരത്തെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 3-നു മുംബൈയില്‍ സമാനമായ സംഭവം നടന്നിരിന്നു. ജുഹൂ-താരാ റോഡിലെ ദേവാലയത്തോട് ചേര്‍ന്നായി സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ തിരുസ്വരൂപമാണ് അന്ന്‍ അക്രമികള്‍ തകര്‍ത്തത്.