News - 2025
ചൈനയില്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റതിന് 5 വിശ്വാസികള്‍ക്ക് തടവ് ശിക്ഷ
സ്വന്തം ലേഖകന്‍ 28-02-2017 - Tuesday
ലിയോണിങ് (ചൈന): വടക്ക്- കിഴക്കന്‍ ചൈനയില്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റെന്ന കുറ്റം ചുമത്തി അഞ്ചു ക്രൈസ്തവ വിശ്വാസികളെ ജയിലിലടച്ചു. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയാണിവര്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരിക. നാല് സ്‌ത്രികള്‍ക്കും ഒരു പുരുഷനുമാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.
ശിക്ഷിക്കപ്പെട്ടവരില്‍ പാസ്റ്റര്‍ ലി ഡോങ്‌ഷെ, പിയാഓ ഷുനാന്‍ എന്നിവര്‍ക്ക് ഏഴു വര്‍ഷം വീതവും ചുന്‍സിയക്കും ലി യുവാനും അഞ്ചു വര്‍ഷം വീതവുമാണ് ജയില്‍ ശിക്ഷ. ഇവരില്‍ ഏക പുരുഷനായ ഷി ജിന്‍യാന്‍ മൂന്നു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൊറിയന്‍ വംശജരും ഉള്‍പ്പെടുന്നു.
ക്രൈസ്‌തവര്‍ക്കെതിരെ ചൈനയില്‍ വ്യാപകമായി മതപീഢനം നടക്കുന്നതായി മനുഷ്യാവകാശ സംഘടനകളും ചൈന എയ്‌ഡ് ഏജന്‍സിയും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുകയാണ് അധികാരികളുടെ നയം. എന്നാല്‍, കടുത്ത നിയന്ത്രണങ്ങളും പീഢനങ്ങളും വര്‍ദ്ധിക്കുമ്പോഴും ചൈനയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.