News - 2025
ഐഎസ് ആക്രമണം: ഈജിപ്തിലെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നു
സ്വന്തം ലേഖകന്‍ 27-02-2017 - Monday
കെയ്‌റോ: ഈജിപ്‌തില്‍ ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവ കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുവാന്‍ തുടങ്ങി. ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന് ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്.
ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന് ഐഎസ് നേരത്തെ വീഡിയോ പുറത്തിറക്കിയിരിന്നു. ഏതാനും ആഴ്ചകള്‍ക്കിടെ ഏഴ് കോപ്റ്റിക് ക്രൈസ്തവരെയാണ് ഐഎസ് വധിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്.
സൂയസ് കനാല്‍ തീരത്തുള്ള ഇസ്‌മയിലിയ നഗരത്തിലെ ക്രൈസ്‌തവ ദേവാലയത്തില്‍ അഭയം തേടിയവര്‍ നിരവധിയാണ്. കുഞ്ഞുങ്ങളെ കൊണ്ട് ഉടുവസ്‌തങ്ങള്‍ മാത്രമായാണ് ഇവര്‍ രക്ഷപ്പെട്ടത്. ഐഎസ് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ വന്നതിനു പിന്നാലെ ഉത്തര സീനായിലെ അല്‍ അരീഷ് പട്ടണത്തില്‍ ഒരു കുടുബത്തിലെ രണ്ടു പേരെ വെടിവെച്ചുകൊന്ന് മൃതദേഹങ്ങള്‍ കത്തിച്ച് റോഡ് അരികില്‍ തള്ളിയിരിന്നു. ഇതിനിടെ പ്ലംബിംഗ് ജോലി ചെയ്യുന്ന ക്രൈസ്‌തവനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് നിഷ്‌ഠൂരം വെടിവെച്ചു കൊന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.
ഇസ്‌മായിലിയയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചുരുങ്ങിയത് 250 പേരെങ്കിലും അഭയം തേടിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അല്‍ അരീഷില്‍ ചില ഇടവകകളിലെ ക്രൈസ്‌തവ നേതാക്കളെ ഐഎസ് വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്‌തവര്‍ക്കെതിരെ ഇത്രയും ശക്തമായി സംഘടിതമായ രീതിയില്‍ ആക്രമണങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സീനായില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന നരഹത്യ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.