News - 2024

സോഷ്യൽ മീഡിയായിൽ ലൈക്കുകള്‍ മാത്രം ലക്ഷ്യംവെക്കുന്നത് ഒരുതരം മാനസിക വൈകൃതമാണെന്ന് പാത്രീയാര്‍ക്കീസ് കിറില്‍

സ്വന്തം ലേഖകന്‍ 03-03-2017 - Friday

മോസ്‌കോ: സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ ലഭിക്കുവാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പാത്രീയാര്‍ക്കീസ് കിറില്‍. ലൈക്കുകള്‍ മാത്രം നോക്കിയിരിക്കുന്നത് ഒരുതരം മാനസിക വൈകൃതമാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ എപ്പിഫെനി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പാത്രീയാര്‍ക്കീസ്. ലൈക്കുകള്‍ക്ക് വേണ്ടിയുള്ള പ്രവണത വലിയ ദുരന്തത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുന്നതെന്നും പാത്രീയാര്‍ക്കീസ് കിറില്‍ മുന്നറിയിപ്പ് നല്‍കി.

"സമൂഹ മാധ്യങ്ങളില്‍ ഒരു ലൈക്ക് ലഭിക്കുന്നതിനായി യുവാക്കള്‍ ഇന്ന് എന്തെല്ലാമാണ് ചെയ്തു കൂട്ടുന്നത്. അപകടകരവും, സാഹസികവുമായ ഇത്തരം പ്രവര്‍ത്തികള്‍ ഇവരുടെ ജീവനെ തന്നെയാണ് പലപ്പോഴും അപകടത്തില്‍ ആക്കുന്നത്. തങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ക്കോ, വീഡിയോകള്‍ക്കോ ഒരു ലൈക്ക് ലഭിച്ചില്ലെങ്കില്‍ മാനസികമായി തളരുന്ന തരത്തിലേക്ക് യുവാക്കള്‍ എത്തിയിരിക്കുന്നു".

തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പ്രശസ്തിക്കു വേണ്ടിയും പൊങ്ങച്ചം കാണിക്കുന്നതിനുമായി നടത്തുന്ന ഇത്തരത്തിലെ ശ്രമങ്ങള്‍ എല്ലാം പാപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല ചിത്രങ്ങളും പാപവികാരത്തെ ഉയര്‍ത്തി വിടുവാന്‍ മാത്രമാണ് പലപ്പോഴും ഉപകരിക്കുക. ചിലര്‍ ഇത്തരം കാര്യങ്ങളിലൂടെ തെറ്റായി പണം സമ്പാദിക്കുന്നുണ്ടെന്നും പാത്രീയാര്‍ക്കീസ് കിറില്‍ പറഞ്ഞു.

"തെറ്റായതും, പാപവികാരങ്ങളെ ഉണര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു ചലച്ചിത്രം പോലും ഇന്ന് പുറത്തിറങ്ങുന്നില്ല. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇവ യുവാക്കളെ വഴി തെറ്റിക്കുന്നു. സാമൂഹിക മാധ്യങ്ങളോടുള്ള യുവാക്കളുടെ വലിയ താല്‍പര്യം, വരും കാലങ്ങളില്‍ നേരിടുവാന്‍ പോകുന്ന വലിയ പ്രശ്‌നമായി മാറുമെന്ന കാര്യം ഉറപ്പാണെന്നും പാത്രീയാര്‍ക്കീസ് കിറില്‍ കൂട്ടിച്ചേര്‍ത്തു.


Related Articles »