News - 2025
വെസ്റ്റ് വിര്‍ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസും: ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ബിൽ അവതരിപ്പിച്ചു
സ്വന്തം ലേഖകന്‍ 10-03-2017 - Friday
ലിറ്റില്‍ റോക്ക്: അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയാക്ക് പിന്നാലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തും ബൈബിള്‍ ഔദ്യോഗിക ഗ്രന്ഥമാക്കുവാന്‍ ശ്രമം തുടങ്ങി. ഡ്വിഗ്റ്റ് ടോഷ് എന്ന നിയമസഭ പ്രതിനിധിയാണ് ബൈബിളിനെ സംസ്ഥാന ഗ്രന്ഥമാക്കണമെന്ന ആവശ്യവുമായി പ്രത്യേക ബില്‍ അവതരിപ്പിച്ചത്. അര്‍ക്കന്‍സാസിലെ നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെയാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലിന് പിന്തുണയുമായി മറ്റ് പ്രതിനിധികളുമുണ്ട്.
സത്യം പ്രസ്താവിക്കുന്ന പുസ്തകം എന്ന വസ്തുത കണക്കിലെടുത്തു ബൈബിളിനെ സംസ്ഥാനത്തെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാണ് ടോഷ് ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. "ബൈബിള്‍ സത്യം പ്രഖ്യാപിക്കുന്ന ഒരു പുസ്തകമാണ്. ബൈബിളിലെ നിയമങ്ങളുടെയും, വിവിധ കാഴ്ച്ചപാടുകളുടെയും അടിസ്ഥാനത്തിലാണ് ആധുനിക സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും. ഇതിനാല്‍ ബൈബിളിനെ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കണം". ഡ്വിഗ്റ്റ് ടോഷ് പറഞ്ഞു.
നിലവില്‍ അര്‍ക്കന്‍സാസിന് ഒരു ഔദ്യോഗിക ഗ്രന്ഥമില്ല. ഡ്വിഗ്റ്റ് ടോഷ് അവതരിപ്പിക്കപ്പെട്ട ബില്‍ പാസാകുകയാണെങ്കില്‍ ബൈബിള്‍ അര്‍ക്കന്‍സാസിന്റെ ഔദ്യോഗിക ഗ്രന്ഥമായി മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് വിര്‍ജീനിയയിലും സമാനമായ ബില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. നിയമസഭാംഗമായ ജെഫ് എല്‍റിഡ്‌ജാണ് അന്ന്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചത്.