News - 2024

ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവരെ വധശിക്ഷയ്ക്ക് വധിക്കുവാനുള്ള നിയമത്തെ ശക്തമായി എതിര്‍ക്കുമെന്ന് കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 08-03-2017 - Wednesday

മനില: ഫിലിപ്പീന്‍സില്‍ വീണ്ടും വധശിക്ഷ പുനസ്ഥാപിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കത്തോലിക്ക സഭ രംഗത്ത്. ഗുരുതരമായി കണക്കിലാക്കപ്പെടുന്ന മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ നിര്‍മ്മാണത്തിനാണ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് അനുമതി നല്‍കിയിരിക്കുന്നത്. 216 അംഗങ്ങള്‍ നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 54 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ഒരംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

ജനുവരി മാസം 11-ാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമത്തില്‍ ഏറ്റവും ഹീനകരമായി കണക്കിലാക്കപ്പെടുന്ന 21 കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹം, കൊലപാതകം, ബലാല്‍സംഘം, വാഹനങ്ങള്‍ അക്രമകരമായ രീതിയില്‍ മോഷ്ടിക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയതായി പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കിയിരിക്കുന്ന നിയമത്തില്‍ ഇവയെല്ലാം എടുത്തുമാറ്റിയ ശേഷം, മയക്കുമരുന്ന് കേസില്‍ മാത്രം വധശിക്ഷ നല്‍കിയാല്‍ മതിയാകും എന്നാണ് പറയുന്നത്.

നിയമത്തിനെതിരെ എല്ലാതരത്തിലും പ്രതിഷേധിക്കുമെന്ന് കത്തോലിക്ക സഭ ഇതിനോടകം തന്നെ വ്യക്തമാക്കി. രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ഇതു സംബന്ധിച്ച് പ്രത്യേക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.

"ജനങ്ങളുടെ പ്രതിനിധികളുടെ സഭ, അവരെ തെരഞ്ഞെടുത്തവരെ തന്നെ കൊലപ്പെടുത്തുവാനുള്ള സമ്മതമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തില്‍ രാജ്യത്തെ കത്തോലിക്ക സഭയ്ക്കും, ബിഷപ്പുമാര്‍ക്കും അതിയായ ദുഃഖമുണ്ട്. രാജ്യത്തെ കത്തോലിക്ക വിശ്വാസികളെയും, ജീവന് വിലകല്‍പ്പിക്കുന്ന എല്ലാവരെയും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പോരാടുവാനുള്ള സഭയുടെ ശ്രമങ്ങളില്‍ പങ്കാളികളാകുവാന്‍ ക്ഷണിക്കുകയാണ്".

"കത്തോലിക്ക വിശ്വാസികളായ അഭിഭാഷകര്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍തുണയും സഭ ഈ സമയം ആവശ്യപ്പെടുന്നു. ഒരു നിയമം നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കാം. എന്നാല്‍ അവര്‍ നിര്‍മ്മിച്ച നിയമം ശരിയാണെന്ന് അതിന് അര്‍ത്ഥമില്ല". ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന പറയുന്നു.

2006 മുതലാണ് ഫിലിപ്പിയന്‍സില്‍ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. ഹീനകരമായ പല കുറ്റകൃത്യങ്ങളേയും ഒഴിവാക്കി, മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവരെ മാത്രം വധശിക്ഷയ്ക്ക് വിധിക്കണമെന്ന നിയമ നിര്‍മ്മാണം തന്നെ സര്‍ക്കാരിന്റെ ഗൂഡലക്ഷ്യത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. ഫിലിപ്പിയന്‍സ് പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് അധികാരമേറ്റ് എട്ടു മാസം തികയുമ്പോള്‍ തന്നെ മയക്കുമരുന്നു വേട്ടയുടെ പേരില്‍ രാജ്യത്ത് എണ്ണായിരത്തില്‍ പരം പേര്‍ കൊല്ലപ്പെട്ടുവെന്നത് തന്നെ സ്ഥിതി എത്രയോ ഭയാനകമാണെന്ന് വ്യക്തമാക്കുന്നു.


Related Articles »