News - 2025

ബാങ്ക് ഓഫ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റ് ഇനി വാഷിംഗ്ടണ്‍ അതിരൂപതയുടെ സഹായമെത്രാന്‍

സ്വന്തം ലേഖകന്‍ 10-03-2017 - Friday

വത്തിക്കാന്‍ സിറ്റി: ബാങ്ക് ഓഫ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റായി സേവനം ചെയ്ത റോയി എഡ്വേഡ് ക്യാംമ്പ്‌ബെല്ലിനെ വാഷിംഗ്ടണ്‍ അതിരൂപതയുടെ സഹായ മെത്രാനായി മാര്‍പാപ്പ നിയമിച്ചു. 69 കാരനായ ഫാദര്‍ റോയി എഡ്വേഡ് തന്റെ 33 വര്‍ഷം നീണ്ട ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അജപാലന ശുശ്രൂഷയിലേക്ക് കടന്നു വന്നത്. ബാങ്കിലെ ജോലി മുന്‍കൂട്ടി വിരമിച്ച റോയി എഡ്വേഡ് സെമിനാരി പഠനത്തിന് ശേഷം 2007-ലാണ് തിരുപട്ടം സ്വീകരിച്ചത്.

പുതിയ സഹായമെത്രാനെ നിയമിച്ച മാര്‍പാപ്പയുടെ തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വ്യൂറല്‍ പറഞ്ഞു. പുതിയ ഉത്തരവാദിത്വം അദ്ദേഹം ഏറെ ഭംഗിയോടെ നിര്‍വഹിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും കര്‍ദിനാള്‍ വ്യൂറല്‍ കൂട്ടിച്ചേര്‍ത്തു.

1947 നവംബര്‍ 19-ന് സതേണ്‍ മേരിലാന്റിലാണ് ഫാദര്‍ റോയി എഡ്വേഡ് ജനിച്ചത്. ഹോവാഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം വിര്‍ജീനിയ സര്‍വകലാശാലയില്‍ നിന്നും ബാങ്കിംഗ് മേഖലയില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സമ്പാദിച്ചു. പിന്നീട് വാഷിംഗ്ടണില്‍ ബാങ്കിംഗ് മേഖലയില്‍ തന്നെ ജോലിക്ക് പ്രവേശിച്ചു.

ചെറുപ്പത്തില്‍ വൈദികനാകണമെന്ന മോഹം മനസില്‍ കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്ന ഫാദര്‍ റോയി എഡ്വേഡ്. എന്നാല്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികനായി പഠിക്കുന്നതിന് ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ മേഖലയിലെ സജീവ അല്‍മായ നേതാവായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ ഭവനരഹിതനായ ഒരു വ്യക്തിയെ കണ്ടുമുട്ടിയ സംഭവമാണ് ഫാദര്‍ റോയി എഡ്വേഡിന്റെ ജീവിതത്തെ പുതിയ മേഖലയിലേക്ക് കൊണ്ടെത്തിച്ചത്.

ഈ സംഭവം, യേശുക്രിസ്തുവുമായുള്ള തന്റെ ബന്ധത്തില്‍ എന്തു നവീകരണം നടത്തണം എന്ന ചിന്തയിലേക്കാണ് ഫാദര്‍ റോയി എഡ്വേഡിനെ നയിച്ചത്. 1999-ല്‍ സ്ഥിരം ഡീക്കനായി മാറുന്നതിനുള്ള പഠനത്തിനായി അദ്ദേഹം അതിരൂപതയുടെ സ്ഥാപനത്തില്‍ ചേര്‍ന്നു. 2002 ജനുവരി മാസത്തില്‍ വൈദികനാകുവാനുള്ള പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം തന്റെ ജോലി ഇതിനായി രാജിവച്ചു. 2007 മേയ് ആറാം തീയതിയാണ് അദ്ദേഹം തിരുപട്ടമേറ്റത്.

ദൈവത്തിന്റെ വിളിക്ക് തക്കതായ ഉത്തരം നല്‍കുവാനുള്ള ശ്രമമാണ് തന്റെ ജീവിതത്തിലൂടെ എല്ലായ്‌പ്പോഴും നടത്തുന്നതെന്ന് ഫാദര്‍ റോയി എഡ്വേഡ് പ്രതികരിച്ചു. സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും, തന്നെ ഈ സ്ഥാനത്തേക്ക് ദൈവഹിത പ്രകാരം തെരഞ്ഞെടുത്ത മാര്‍പാപ്പയോട് നന്ദി പറയുന്നതായും ഫാദര്‍ റോയി എഡ്വേഡ് കൂട്ടിച്ചേര്‍ത്തു.


Related Articles »