News - 2025
ഇടവകകള്‍ തോറും പ്രശ്ന പരിഹാരസമിതി, പള്ളി മേടകളില്‍ സിസിടിവി: പ്രചരിക്കുന്ന വാര്‍ത്തകള്‍ അപൂര്‍ണ്ണമെന്ന് മാനന്തവാടി രൂപത
സ്വന്തം ലേഖകന്‍ 14-03-2017 - Tuesday
മാനന്തവാടി: വൈദികരെയും സന്യസ്‌തരെയും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇടവകകള്‍ തോറും പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കുമെന്നും പള്ളി മേടകളില്‍ സിസി ടിവി സ്‌ഥാപിക്കുമെന്നും, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത രൂപതാ കൂരിയായില്‍ നിന്നുള്ള അറിയിപ്പല്ലെന്ന് മാനന്തവാടി രൂപതാ പിആര്‍ഒ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് രൂപതയിലെ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തില്‍ ഇത്തരം തീരുമാനങ്ങള്‍ കൈകൊണ്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
അനൌദ്യോഗികവും അപൂര്‍ണവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും രൂപതാ പിആര്‍ഓ ഫാ. ജോസ് കൊച്ചറക്കല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകരുതെന്നും രൂപത പിആര്‍ഓ അഭ്യര്‍ത്ഥിച്ചു. പാസ്റ്ററല്‍ കൌണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ ഉടനെ തന്നെ പുറത്തുവിടുമെന്നും രൂപത വ്യക്തമാക്കിയിട്ടുണ്ട്.