News - 2025

വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്തരും അമേരിക്കയിലെ കത്തോലിക്കാ സഭയിൽ ശക്തമായ സാന്നിധ്യമാകുന്നു

സ്വന്തം ലേഖകന്‍ 11-03-2017 - Saturday

വാഷിംഗ്ടണ്‍: യുഎസിലെ കത്തോലിക്ക സഭയുടെ സേവനങ്ങളില്‍ വിദേശികളായ വൈദികരും, കന്യാസ്ത്രീകളും വലിയ പങ്കുവഹിക്കുന്നതായി പുതിയ കണക്കുകള്‍. കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള യു‌എസില്‍ അജപാലന, ശുശ്രൂഷ രംഗങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് രാജ്യത്തുള്ള വിദേശികളായ കത്തോലിക്ക പുരോഹിതരുടെയും കന്യാസ്ത്രീകളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ സേവനം ചെയ്യുന്ന നാലു കത്തോലിക്ക വൈദികരില്‍ ഒരാള്‍ വിദേശത്തു നിന്നുമുള്ള പൗരനാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. 2016-ല്‍ അമേരിക്കയില്‍ വൈദിക തിരുപട്ടം സ്വീകരിച്ച പത്തു വൈദികരില്‍ മൂന്നു പേരും യുഎസിന് പുറത്തു നിന്നുമുള്ളവരാണെന്നും മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ കാര്യത്തിലും സമാനമായ കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വിദേശികളായ നാലായിരത്തില്‍ അധികം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം എട്ടു മുതല്‍ പതിനാലുവരെ ആഘോഷിച്ച നാഷണല്‍ കാത്തലിക് സിസ്‌റ്റേഴ്‌സ് വീക്കിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് രാജ്യത്തെ കന്യാസ്ത്രീകളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കന്യാസ്ത്രീകളില്‍ 73 ശതമാനവും ബിരുദ തലം വരെ വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും കണക്കുകള്‍ പറയുന്നു. യു‌എസില്‍ സേവനവുമായി എത്തിയിരിക്കുന്ന കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

അമേരിക്കയിലെ കത്തോലിക്ക സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിദേശികളായ പുരോഹിതരും, കന്യാസ്ത്രീകളും വലിയ പങ്കാണ് വഹിക്കുന്നതെന്നു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2017-ന്റെ പ്രാരംഭത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ലോകത്ത് 1.3 ബില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം ബ്രസീലാണ്. മെക്‌സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിശ്വാസികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന യുഎസില്‍ 70 മില്യണ്‍ കത്തോലിക്കരാണ് ഉള്ളത്.


Related Articles »