News - 2025
പൗരോഹിത്യ ബ്രഹ്മചര്യം തിരുസഭയുടെ ഉറച്ച പാരമ്പര്യം, അത് മാറ്റുന്നത് എളുപ്പമല്ല: കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്
സ്വന്തം ലേഖകന്‍ 15-03-2017 - Wednesday
ലണ്ടന്‍: പൗരോഹിത്യ ബ്രഹ്മചര്യം തിരുസഭയുടെ ഒരുറച്ച പാരമ്പര്യമാണെന്നും അത് മാറ്റുന്നത് എളുപ്പമല്ലായെന്നും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്. വെംബ്ലിയിലെ എസ്‌എസ്‌ഇ അരീനയില്‍ 10,000 ത്തിലധികം കത്തോലിക്കാ യുവജനങ്ങള്‍ പങ്കെടുത്ത ഫ്ലെയിം 2017-ലാണ് കര്‍ദ്ദിനാള്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കുമെന്ന് ജര്‍മ്മന്‍ ദിനപത്രമായ ഡി സെയിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞതിന് പിന്നാലെയാണ് കര്‍ദിനാളിന്റെ പ്രതികരണം.
‘പരിശുദ്ധാത്മാവ് എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ ശരിയായ സമയത്ത് തന്നെ അത് പരിഗണിക്കണമെന്നത് സഭയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് വിരി പ്രൊബാറ്റിയെ ക്കുറിച്ച് കാര്യമായി ആലോചിക്കണമെന്നു ഞാന്‍ പറയുന്നത്’. ഇങ്ങനെയാണ് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത്. വിവാഹിതരെ പുരോഹിതരാക്കണമെന്നും സ്ത്രീകളെ ഡീക്കനായി പരിഗണിക്കണം എന്ന് പാപ്പാ ആവശ്യപ്പെടുന്നില്ലായെന്നും കര്‍ദിനാള്‍ പറഞ്ഞു. നമുക്ക് ഒരുറച്ചതും ശക്തവുമായ പാരമ്പര്യമുണ്ടെന്നും, സഭയിലെ പ്രശ്നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ബ്രിട്ടണിലും വിവാഹിതരായ ഏതാനും പുരോഹിതര്‍ ഉണ്ട്. അതുകൊണ്ട് അതൊരു പൊതു നിയമമാണെന്ന്‍ അര്‍ത്ഥമില്ല. വിവാഹം സഭയിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമല്ല. അതൊരു കഠിനമായ ദൈവവിളിയാണ്. വിവാഹിതരായ പുരോഹിതരെ ചൂണ്ടികാണിച്ചുകൊണ്ട് ഇതാണ് സഭയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്ന് പറയുവാന്‍ നമുക്ക് കഴിയുകയില്ല.”
“തന്നെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു വലിയ കുടുംബമായി പുരോഹിതന്‍ ഇടവകയെ കാണണം. ദേവാലയത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിക്കുന്ന പുരോഹിത പാരമ്പര്യം തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് വരെ ഒരു വലിയ അനുഗ്രഹമാണ്. 'അത് നമ്മുടെ പുരോഹിതനാണ്, അദ്ദേഹം നമ്മുടേതാണ്' -പുരോഹിതനെ കാണുമ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നു. കാരണം അവര്‍ക്കറിയാം പുരോഹിതന്‍ അവര്‍ക്കുള്ളതാണെന്ന്”.
“പൗരോഹിത്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുവാനുള്ള തുറന്ന സമീപനമാണിതെന്നാണ് പാപ്പായുടെ അഭിപ്രായം കേട്ടപ്പോള്‍ തനിക്ക് തോന്നിയത്. ആധുനിക ലോകത്തിന്റെ ഭൗതീകതയാണ് ഇന്ന് പൗരോഹിത്യം നേരിടുന്ന പ്രശ്നങ്ങളുടെ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് ജീവിതം കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പൗരോഹിത്യം പോലെയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ഭയമാണ്”.
“അതേ സമയം പുരോഹിതനോ കന്യാസ്ത്രീയോ ആയി ജീവിതം സമര്‍പ്പിക്കുന്നത് ഒരു വലിയ കാര്യമാണെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇത് സത്യമാണെന്ന് ചരിത്രം നമ്മോട് പറയുന്നു. ചരിത്രം രൂപപ്പെട്ടത് തന്നെ അഗാധമായ വിശ്വാസവും, ജീവിതകാലം മുഴുവനും ദൈവത്തിന്നായി സമര്‍പ്പിക്കുകയും ചെയ്ത ആളുകള്‍ മുഖേനയാണ്”. കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഫ്ലെയിം’ പോലെയുള്ള പരിപാടികള്‍ ഏറെ അഭിനന്ദാര്‍ഹമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
![](/images/close.png)