News
സഭയുടെ അവയവങ്ങളാകുന്ന വിശ്വാസികള്‍ നിത്യതയെ ലക്ഷ്യം വച്ച് നീങ്ങേണ്ട തീര്‍ത്ഥാടകര്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ജെയ്സണ്‍ തോമസ് 15-03-2017 - Wednesday
ബര്‍മിംഗ്ഹാം: യേശു ശിരസ്സായ സഭയുടെ അവയവങ്ങളാകുന്ന വിശ്വാസികള്‍ പരസ്പരം സ്നേഹിച്ചും, പ്രോത്സാഹിപ്പിച്ചും നിത്യതയെ ലക്ഷ്യം വച്ച് നീങ്ങേണ്ട തീര്‍ത്ഥാടകരാണെന്നും, ഇവിടെ ആര്‍ക്കും ആരെയും വിധിക്കുവാനോ, കുറ്റപ്പെടുത്തുവാനോ ഉള്ള അധികാരം നല്‍കപ്പെട്ടിട്ടില്ല എന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
മാര്‍ച്ച് മാസത്തെ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ വന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സ്വന്തം കണ്ണിലെ തടി മറച്ചു വച്ചുകൊണ്ട് അപരന്‍റെ കണ്ണിലെ കരട് നീക്കാന്‍ ശ്രമിക്കുന്ന ഫല ശൂന്യതയേയും നിരര്‍ത്ഥകരെയും നാം മനസ്സിലാക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ദൈവവചന വെളിച്ചത്തില്‍ കൂട്ടിച്ചേര്‍ത്തു.
"ആദിമ സഭയിലെ വിശ്വാസികള്‍ യേശുവിനെ കര്‍ത്താവും, രക്ഷകനും, നാഥനുമായി സ്വീകരിച്ചത് നിത്യജീവനെ ലക്ഷ്യമാക്കിയാണ്. ഈ കാരണത്താലാണ് സഭയിലെ വിശ്വാസികളെ പീഡിപ്പിച്ച സാവൂളിനോട്, പീഡിപ്പിക്കപ്പെട്ട സഭയെ താനുമായി താദാത്മ്യം ചെയ്തു കൊണ്ട് "നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാന്‍" എന്ന്‍ പറഞ്ഞത്. യേശുവിനെ ഏകദൈവവും ഏകകര്‍ത്താവും ഏകരക്ഷകനുമായി എകസഭയില്‍ പ്രഘോഷിക്കപ്പെടുന്നെന്നും, എല്ലാ വിശ്വാസികളും ഈ ഏക സഭയുടെ വിശ്വാസങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും വിധേയപ്പെട്ടു കൊണ്ടുള്ള പ്രാര്‍ത്ഥനാജീവിതമാണ് നയിക്കേണ്ടത്".
സഭയുടെ പ്രാര്‍ത്ഥനകള്‍ യേശു കര്‍ത്താവും, ദൈവവും, രക്ഷകനുമാണെന്നുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും, അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാതെ തങ്ങളുടെ ജീവിതം ഈ വിശ്വാസമാകുന്ന മൂലക്കല്ലിന്‍മേല്‍ പടുത്തുയര്‍ത്തണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
രാവിലെ 8-മണിക്കാരംഭിച്ച ശുശ്രൂഷകള്‍ അഭിഷേക നിറവാര്‍ന്ന സംഗീതവും, വി.കുര്‍ബ്ബാനയും കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വചന പ്രഘോഷണങ്ങളും ദൈവസ്നേഹത്തെ അനുഭവവേദ്യമാക്കി മാറ്റി. യേശുക്രിസ്തുവിന്‍റെ പീഢാനുഭവ യാത്രയെ അനുസ്മരിച്ച് പ്രത്യേക നാടക അവതരണവും നടന്നു.
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് റോമാ പടയാളികളുടെ ചാട്ടവാറടിയും അപമാനം നിറഞ്ഞ അസഭ്യവാക്കുകളും ഏറ്റുവാങ്ങി നീങ്ങുന്ന യേശുവിന്റെ ദൃശ്യങ്ങള്‍ വിശ്വാസികളുടെ കണ്ണുകളെ മറ്റൊരു പീഡാനുഭവ യാത്രയിലേക്ക് കൂട്ടികൊണ്ട് പോയി. സീറോ മലബാര്‍ സഭയുടെ ഇംഗ്ലീഷ് കുര്‍ബ്ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സെഹിയോന്‍ യുകെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
![](/images/close.png)