News - 2024

അബോര്‍ഷനും ദയാവധത്തിനും എതിരെയുള്ള നിലപാട് ആവര്‍ത്തിച്ച് മെക്സിക്കൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 17-03-2017 - Friday

മെക്സിക്കോ സിറ്റി: മനുഷ്യ ജീവൻ ഉരുവാകുന്നതു മുതൽ മരണം വരെയുള്ള അവസ്ഥകളിൽ ജീവന്റെ മൂല്യത്തിന് പ്രാധാന്യം നൽകുന്നതിന് തങ്ങളുടെ ഇടയ ദൗത്യവും നിയമസാധ്യതകളും വഴിയായി അക്ഷീണം പ്രയത്നിക്കുമെന്ന് മെക്സിക്കൻ മെത്രാന്‍ സമിതി. ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയെ കുറിച്ചുള്ള മെക്സിക്കോയിലെ ക്രൈസ്തവ നിയമനിർമ്മാതാക്കളുടെ വിവാദപരമായ പരാമർശത്തെ തുടർന്നാണ് ബിഷപ്പുമാരുടെ സംഘടന പ്രസ്താവനാക്കുറിപ്പ് ഇറക്കിയത്.

നിയമ നിർമ്മാണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ നടത്തിയ വ്യക്തിപരമായ അഭിപ്രായം ഔദ്യോഗിക ക്രൈസ്തവ പഠനമായി അവതരിപ്പിച്ചതിനെ മെത്രാൻ സമിതി അപലപിച്ചു. ക്രൈസ്തവ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവർ ദുർവ്യാഖ്യാനം നടത്തുമ്പോൾ വിശ്വാസികൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും അതുവഴിയായി ജനങ്ങൾ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകി.

മെക്സികോയിലെ ക്രൈസ്തവ നിയമനിർമ്മാതാക്കൾ വിശ്വാസ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഉത്സുകരാണെങ്കിലും വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അതു സഭയുടെ പ്രബോധനമല്ല എന്നു വ്യക്തമാക്കണമെന്നും മെത്രാൻ സമിതി കൂട്ടിച്ചേർത്തു. ആര്‍ച്ച് ബിഷപ്പ് ജോണ്‍ സി വെസ്റ്റര്‍, ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഷീഹന്‍, ബിഷപ്പ് ഓസ്കര്‍ കാന്‍റു, ബിഷപ്പ് ജയിംസ് എസ് വാള്‍ തുടങ്ങിയ ബിഷപ്പുമാര്‍ സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്.


Related Articles »