News - 2024

കുമ്പസാരത്തിന് വൈദികര്‍ സദാ സന്നദ്ധരായിരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 18-03-2017 - Saturday

റോം: അനുരജ്ഞന ശുശ്രൂഷയെ സമീപിക്കുന്ന വിശ്വാസികളുടെ അടുത്ത് നല്ലയിടയന്റെ വാത്സല്യത്തോടെ പെരുമാറാന്‍ വൈദികർ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അനുരജ്ഞന കൂദാശയെ കുറിച്ചുള്ള കാനോൻ നിയമങ്ങൾ പഠിപ്പിക്കാനും നിയമവേദിയുടെ പ്രവർത്തനങ്ങൾ വിവരിക്കാനും അപ്പസ്തോലിക് പെനിറ്റെന്‍ഷ്യല്‍ കോടതി സംഘടിപ്പിച്ച സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. നല്ല കുമ്പസാരകനാകാൻ പ്രാർത്ഥനയിൽ അടിസ്ഥാനമിട്ടുള്ള ജീവിതം നയിക്കണമെന്നും വിനയത്തിൽ വളരണമെന്നും സെമിനാരി വിദ്യാർത്ഥികളോടും വൈദികരോടുമായി മാർപാപ്പ പറഞ്ഞു.

"പാപത്തിന്റെയും തിന്മയുടേയുമായ മേഖലകളിലൂടെ ഒരു കുമ്പസാരകൻ കടന്നു പോകേണ്ടി വരുന്നു. എന്നിരുന്നാലും, ആധികാരികമായ തന്റെ ഇടയ ദൗത്യത്തിനാണ് വൈദികർ മുൻഗണന നൽകേണ്ടത്. പാപമോചനം എന്നത് അത്തരമൊരു ദൗത്യമാണ്. കുമ്പസാരത്തിന് ഇടവകകളിൽ കൂടുതൽ പ്രാധാന്യം നൽകണം. അനുരജ്ഞന ശുശ്രൂഷ തിങ്കളാഴ്ചയും ബുധനാഴ്ചയും എന്ന് പറഞ്ഞ് ആളുകളെ മടക്കി അയ്ക്കരുത്. വിശ്വാസികൾ ആവശ്യപ്പെടുമ്പോഴെല്ലാം ദൈവത്തിന്റെ ഹൃദയവിശാലതയോടെ പാപമോചനം നല്‍കുവാന്‍ പരിശ്രമിക്കണം."

"അനുരജ്ഞന ശുശ്രൂഷയിൽ സംഭവിക്കാനിടയുള്ള തിക്താനുഭവങ്ങളെയും തെറ്റിധാരണകളെയും അതിജീവിക്കാൻ പുരോഹിതർ പ്രാർത്ഥനാപൂർവം ദൈവത്തിന്റെ വിശ്വസ്തതയുടെ പ്രതിബിംബമാകണം. ദൈവവുമായി വ്യക്തിപരമായ പ്രാർത്ഥനയിലൂടെ സൗഹൃദം സ്ഥാപിക്കുമ്പോൾ ഇടയനടുത്ത അനുകമ്പയോടെ, ദൈവത്തിന്റെ കരുണ തേടി വരുന്നവർക്ക് വിശ്വസ്തത പൂർവം പാപമോചനം നല്‍കുവാന്‍ കഴിയും. "

"നല്ല സമരിയാക്കാരനെപ്പോലെ, വീണുപോകുന്നവരുടെ മുറിവുകളെ കരുണയുടെ എണ്ണ പകർന്ന് സൗഖ്യപ്പെടുത്താന്‍ വൈദികര്‍ക്ക് കഴിയണം. വിവേകത്തിന്റെയും അനുരജ്ഞനത്തിന്റെയും ആത്മാവിനെ സ്വീകരിക്കുവാന്‍ പുരോഹിതർ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി യാചിക്കണം. ദൈവാരൂപി നിറയുമ്പോൾ നമുക്ക് വേണ്ടിയുള്ള ദൈവിക പദ്ധതി മനസ്സിലാക്കാൻ കഴിയും. അനുരജ്ഞന ശുശ്രൂഷകൻ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തികയോ പഠിപ്പിക്കുകയോ ചെയ്യാതെ, ദൈവദാസനായി സഭയോടുള്ള പൂർണമായ ഐക്യത്തിൽ ദൈവഹിതം നടപ്പിലാക്കാൻ വിളിക്കപ്പെട്ടവനാണ്. അനേകരെ അൾത്താരയുടെ പ്രകാശത്തിലെത്തിക്കുവാന്‍ വിവേചന ബുദ്ധിയോടെയുള്ള വൈദികന്റെ സമീപനം ആവശ്യമാണ്. "

"നിരാശാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയും ആത്മീയ അസ്വസ്ഥതകൾ അനുഭവിക്കുന്നവരേയും വൈദികർ തിരിച്ചറിയണം. അവരിലേ പാപത്തിന്റെ കാരണങ്ങളെ മനസ്സിലാക്കുവാൻ വൈദികർ മുൻകൈയെടുക്കണം. സുവിശേഷവത്ക്കരണം യാഥാർത്ഥ്യമാക്കുന്ന അനുരജ്ഞന ശുശ്രൂഷയിൽ ആധികാരികമായ സുവിശേഷ പ്രഘോഷണം വഴിയായി ദൈവത്തിന്റെ കരുണയെയും കാരുണ്യം തന്നെയായ ദൈവത്തെയും കണ്ടുമുട്ടുന്നു".

"ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ നൽകി, കുമ്പസാരം സുവിശേഷ പ്രഘോഷണം വഴിയുള്ള രൂപീകരണത്തിനുള്ള വേദിയാകണം. സത്യത്തിലും നീതിയിലും ജീവിക്കുമ്പോഴാണ് ദൈവഹിതം മനസ്സിലാക്കി, അവിടുത്തെ കരുണയും സ്നേഹവും അനുഭവിച്ച് മുന്നേറുവാന്‍ സാധിക്കുന്നത്". അനുരജ്ഞനശുശ്രൂഷയെ അതിന്റെ പൂർണ അർത്ഥത്തിൽ ഉൾകൊള്ളാൻ വൈദികർക്ക് സാധിക്കട്ടെ എന്ന് മാർപ്പാപ്പ ആശംസിച്ചു. മാർച്ച് 14നു ആരംഭിച്ച സമ്മേളനം ഇന്നലെയാണ് സമാപിച്ചത്.


Related Articles »