News - 2025

ബ്രിട്ടീഷ് മേജര്‍ പദവിയില്‍ നിന്നും മെത്രാന്‍ പദവിയിലേക്ക്: ഫാദര്‍ ജോണ്‍ മാക്‌വില്ല്യമിനു പുതിയ ഇടയ ദൗത്യം

സ്വന്തം ലേഖകന്‍ 18-03-2017 - Saturday

വത്തിക്കാന്‍: തന്റെ ജീവന്‍ പോലും വകവെക്കാതെ അള്‍ജീരിയായില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും, അവിടെ സഭയുടെ സാന്നിധ്യം നിലനിര്‍ത്തുവാനും ശ്രമിച്ച ഫാദര്‍ ജോണ്‍ മാക്‌ വില്ല്യമിനെ ഫ്രാന്‍സിസ് പാപ്പാ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. ഇസ്ലാം മത ഭൂരിപക്ഷ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയായിലെ ലാഘൌറ്റ് ഘാര്‍ദിയ രൂപതയിലെ മെത്രാനായിട്ടാണ് ഇദ്ദേഹം ഉയര്‍ത്തപ്പെട്ടത്. നേരത്തെ 18 വര്‍ഷത്തോളം ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്ത് മേജര്‍ പദവി വരെ എത്തിയ സൈനിക തലവനായിരുന്നു ഫാദര്‍ ജോണ്‍ മാക്‌ വില്ല്യം.

ലണ്ടനിലെ വിംബിള്‍ഡണില്‍ മിലിട്ടറി ഉദ്യോഗസ്ഥന്റെ മകനായാണ് ജോണ്‍ മാക്‌ വില്ല്യം ജനിച്ചത്. മിലിട്ടറി സ്കൂളുകളില്‍ പഠിച്ച ജോണ്‍ അധികം വൈകാതെ തന്നെ സൈന്യത്തില്‍ ചേരുകയായിരിന്നു. 18 വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്ത ജോണ്‍ മാക് വില്യം മേജര്‍ പദവിയില്‍ നില്‍ക്കെയാണ് ജോലി രാജിവെച്ചത്. പിന്നീട് 'മിഷ്ണറീസ് ഓഫ് ആഫ്രിക്ക' സഭയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന അദ്ദേഹം 1991-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയായിരിന്നു.

1990-1994 കാലഘട്ടത്തിന് ഇടയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ലാമിക് ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണങ്ങളില്‍ ‘ടിസി-ഔസോ’യിലെ വൈറ്റ് ഫാദര്‍ മിഷണറിമാരായ നാല് പേര്‍ കൊല്ലപ്പെട്ടു. അധികം വൈകാതെ തന്നെ നടന്ന ടിബ്ബിരിനിലെ കൂട്ടക്കൊലയില്‍ ഏഴോളം ട്രാപ്പിസ്റ്റ് സന്യാസിമാരും ധീരമൃത്യു വരിച്ചിരിന്നു. ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ 1994-ലാണ് ഫാദര്‍ ജോണ്‍, ടിസി-ഔസോയില്‍ ഒരു പുതിയ 'വൈറ്റ് മിഷണറി' സമൂഹം ഉണ്ടാക്കുക എന്ന ദൗത്യവുമായി അള്‍ജീരിയായില്‍ എത്തുന്നത്.

സര്‍ക്കാര്‍ അനുകൂലികളും ഇസ്ലാമിക് ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തര യുദ്ധം ശക്തമായിരിക്കുന്ന കാലത്താണ് അദ്ദേഹം അള്‍ജീരിയായില്‍ ഉണ്ടായിരുന്നത്. അക്കാലത്ത് നിരവധി വിദേശികള്‍ രാജ്യം വിട്ടുപോയെന്നും, നിരവധി എംബസികളും കമ്പനികളും അടച്ചു പൂട്ടിയെന്നും 2012-ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. കലാപ കലുഷിതമായ ആ കാലഘട്ടങ്ങളില്‍ സേവനത്തിന്റേയും സ്നേഹത്തിന്റെയും പാതയാണ് അള്‍ജീരിയിലെ സഭ സ്വീകരിച്ചത്.

അക്കാലത്ത് വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍, തടവ് പുള്ളികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അല്‍ജീരിയന്‍ സഭ ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിച്ച ഫാ. ജോണ്‍ മാക്‌ വില്ല്യമിനാണ് ഫ്രാന്‍സിസ് പാപ്പ പുതിയ ഇടയാദൌത്യം ഏല്‍പ്പിച്ചിരിക്കുന്നത്. അല്‍ജീരിയായിലേയും ടുണീഷ്യയിലേയും 'വൈറ്റ് ഫാദര്‍' മിഷണറിമാരുടെ പ്രൊവിന്‍ഷ്യാളായി സേവനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിക്കുന്നത്. നിയുക്ത മെത്രാന് 68 വയസ്സാണ് പ്രായം.


Related Articles »