News - 2025
ക്രൈസ്തവ വംശഹത്യക്കെതിരെയുള്ള യുഎസ് പ്രമേയത്തിന് ഒരു വര്‍ഷം: നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍ 20-03-2017 - Monday
വാഷിംഗ്ടണ്‍: ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ്. കെറി പ്രമേയം പാസാക്കിയിട്ട് ഒരു വര്‍ഷം. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് 393-0 വോട്ടിന് പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രമേയത്തിന് ഒരു വയസ്സ് തികഞ്ഞ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമാകുകയാണ്.
നിയമനിര്‍മ്മാതാക്കള്‍, അഭിഭാഷകര്‍, ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രമേയം പാസ്സായതിന്റെ വാര്‍ഷികത്തെ കുറിവാനായി കഴിഞ്ഞ വ്യാഴാഴ്ച ഒരുമിച്ച് കൂടിയിരിന്നു. യുഎസ് കാപ്പിറ്റള്‍ വിസിറ്റര്‍ സെന്‍ററിലായിരുന്നു യോഗം സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം പറഞ്ഞ കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ കൊണ്ട് വരണമെന്ന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. നെബ്രാസ്കാ റിപ്പബ്ലിക്കന്‍ ജെഫ് ഫോര്‍ട്ടന്‍ബെറി, കാലിഫോര്‍ണിയ ഡെമോക്രാറ്റ് അന്നാ ജി. ഇഷൂ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തടയുവാനുള്ള എന്തെങ്കിലും നീക്കം പുതിയ അമേരിക്കന്‍ ഭരണകൂടം കൈകൊള്ളുമെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി അന്നാ ജി. ഇഷൂ പറഞ്ഞു. പുതിയ ഭരണകൂടത്തിന് കീഴില്‍ വാക്കുകള്‍ക്ക് അതീതമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ഉണ്ടെന്നും ഇറാഖിലും സിറിയയിലും നടക്കുന്ന അക്രമങ്ങള്‍ക്കിരയായവര്‍ക്കുള്ള അടിയന്തിര സഹായത്തിനുള്ള പ്രമേയം പാസാക്കുവാന്‍ നടപടിയെടുക്കണമെന്നും നൈറ്റ്സ് ഓഫ് കൊളംബസിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് പ്രസിഡന്റായ ആന്‍ഡ്ര്യൂ വാള്‍തര്‍ ആവശ്യപ്പെട്ടു.
ഇറാഖില്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങുവാനും, ഇര്‍ബിലിലെ ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് ഭക്ഷണം നല്‍കുവാനും, ആലപ്പോയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായമെത്തിക്കുവാനുമായി 1.9 ദശലക്ഷത്തോളം ഡോളറിന്റെ സഹായ പദ്ധതിക്കാണ് കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് രൂപം കൊടുത്തിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമങ്ങള്‍ക്കിരയായവരേ അമേരിക്കന്‍ നേതൃത്വം സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറായ ഫിലിപ് നസീഫും ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്ക് നേരെ ലോകമെമ്പാടും പീഡനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം ശക്തമായ നടപടിയെടുക്കും എന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.
![](/images/close.png)