News - 2025
ദൈവത്തിന്റേയും സാത്താന്റെയും സ്വരത്തെ വേർതിരിച്ചറിയണം: ക്രൈസ്തവ നിരീശ്വരവാദികളോട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 24-03-2017 - Friday
വത്തിക്കാൻ: ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നത് നാം അവസാനിപ്പിച്ചോ? ബൈബിൾ കൈയ്യിലെടുത്ത് നമ്മുടെ ആവശ്യങ്ങൾ പറയുക മാത്രമാണോ ചെയ്യുന്നത്? ഹൃദയം കഠിനമാക്കിയവരാണോ നാം? ദൈവത്തിൽ നിന്ന് അകന്നവരാണോ നാം? ദൈവവിശ്വാസത്തേക്കാൾ ലോകത്തിന്റേതായ സ്വരങ്ങൾക്കാണോ നാം മുൻഗണന നല്കുന്നത് ?" സ്വയം വിലയിരുത്താനുള്ള ഒരു ചോദ്യാവലിയാണ് സാന്താ മാർത്തായിൽ വ്യാഴാഴ്ച നടന്ന ബലിമധ്യേയുള്ള പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉന്നയിച്ചത്.
ദൈവത്തിന്റെ സ്വരം ശ്രവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജെറമിയാ പ്രവാചകന്റെ പുസ്തകത്തിലെ വായനയെ അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ സംസാരിച്ചത്. ദൈവത്തില്‍ നിന്ന്‍ പുറം തിരിഞ്ഞ് നില്ക്കുമ്പോള്‍ അവിടുത്തെ പദ്ധതിക്കെതിരായി ബിംബങ്ങളുടെ സ്വരത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരുന്നുവെന്നും ഇതേപ്പറ്റി ആഴത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ സ്വരത്തിന് നേരെ ചെവിയടക്കുന്ന പക്ഷം അവിടുന്നില്‍ നിന്ന്‍ നാം അകലുന്നു. ക്രൈസ്തവ സമൂഹമായ ഒരു ഇടവകയിലോ രൂപതയിലോ അവിടുത്തെ സ്വരത്തിന് കാത് കൊടുക്കാതെ ലോകത്തിന്‍റെ സ്വരങ്ങള്‍ക്ക് ചെവികൊടുക്കുമ്പോള്‍ അത് അവിശ്വാസത്തിലേക്കുള്ള പാതയാണ് നല്‍കുക. ഇത്തരം സമൂഹങ്ങള്‍ ദൈവത്തില്‍ നിന്ന്‍ ഏറെ ദൂരെയാണെന്ന്‍ മാത്രമല്ല, ലൗകികതയ്ക്കും ബിംബങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുക.
ദൈവത്തില്‍ നിന്ന്‍ അകന്ന്‍ മാറി ഹൃദയം കഠിനമാക്കുമ്പോള്‍ നാം വിജാതീയരായ കത്തോലിക്കരോ നിരീശ്വരവാദികളായ കത്തോലിക്കരോ ആയി മാറുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈന്യംദിന ജീവിതത്തിൽ ദൈവിക ഹിതത്തിന് വിധേയരാകാതെ, എത്രയോ തവണ നാം തെറ്റ് ആവർത്തിച്ചിരിക്കുന്നു. ഈ അവിശ്വാസം എവിടെ ചെന്നാണ് അവസാനിക്കുക?. സംശയത്തിലാണ് അത് ചെന്ന് കലാശിക്കുന്നത്. ദൈവത്തിന്റേയും സാത്താന്റെയും സ്വരത്തെ വേർതിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു.
വി.ലൂക്കായുടെ സുവിശേഷത്തിലെ യേശു ബേൽസബൂലിനെ കൊണ്ടാണ് രോഗശാന്തി നല്കുന്നത് എന്ന് സംശയിച്ച യഹൂദരുടെ വാക്കുകള്‍ ഉപയോഗിച്ചാണ് പരിശുദ്ധ പിതാവ് അതിനുള്ള വിശദീകരണം നൽകിയത്. ദൈവവുമായുള്ള ബന്ധം മറന്നു പോകുന്ന നാമ്മോരുത്തരും സ്വയം വിലയിരുത്തൽ നടത്തി നിര്‍മ്മലമായ ഹൃദയത്തോടെ അവിടുത്തെ സ്വരം ശ്രവിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കാം എന്ന നിർദ്ദേശത്തോടെയാണ് മാർപാപ്പ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.
![](/images/close.png)