News - 2025

വൈദികരുടെ എണ്ണത്തിലെ കുറവ്‌: വിശ്വാസികള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി അയര്‍ലണ്ട് ബിഷപ്പ്

സ്വന്തം ലേഖകന്‍ 31-03-2017 - Friday

ലോങ്ങ്‌ഫോര്‍ഡ്‌: അയര്‍ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ വൈദികരുടെ എണ്ണത്തില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് അത്മായര്‍ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന ആഹ്വാനവുമായി അര്‍ഡാ-ക്ലോണ്‍മാക്നോയിസ്‌ രൂപതാ ബിഷപ്പ് ഫ്രാന്‍സിസ്‌ ഡഫി. തന്റെ രൂപതയിലെ ഇടവക ജനങ്ങള്‍ക്കായി എഴുതിയ ഇടയലേഖനത്തിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്‌. പുരോഹിതരുടെ കുറവിനെ നേരിടുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങളുടെ പ്രതിഫലനം എല്ലാ രൂപതകളിലും പ്രകടമാകുമെന്നും അദ്ദേഹം തന്റെ കത്തില്‍ കുറിച്ചു.

“രണ്ടും മൂന്നും വൈദികരുണ്ടായിരുന്ന ചില ഇടവകകളില്‍ ഇപ്പോള്‍ ഒരു വൈദികന്‍ മാത്രമേ ഉള്ളു. രൂപതയിലെ മൂന്ന്‍ ഇടവകകളില്‍ വികാരിമാരില്ല. പുരോഹിതരുടെ എണ്ണത്തിലെ കുറവ്‌ ഇനിയും തുടരുവാനാണ് സാധ്യത.” കത്തില്‍ പറയുന്നു. അര്‍ഡാ-ക്ലോണ്‍മാക്നോയിസ്‌ രൂപതയില്‍ ഇപ്പോള്‍ 41 ഇടവകകളിലായി 53-ഓളം രൂപതാ വൈദികര്‍ സേവനം ചെയ്യുന്നുണ്ട്. നാലോളം വൈദികര്‍ വിദേശങ്ങളില്‍ നിന്നും, വിവിധ സന്യാസ സഭകളില്‍ നിന്നുമായും സേവനം ചെയ്യുന്നുണ്ട്. അതേ സമയം വൈദീക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ രൂപതയില്‍ ഇല്ല.

"2030 ഓടെ നിലവിലുള്ള 53 പുരോഹിതരില്‍ 28 പേര്‍ വിരമിക്കും. അധികം താമസിയാതെ തന്നെ ഇടവകകളില്‍ വികാരിമാരില്ലാതെ വരികയോ, അല്ലെങ്കില്‍ ഒരു വൈദികന് ഒന്നില്‍ കൂടുതല്‍ ഇടവകള്‍ നോക്കേണ്ടി വരുന്ന സാഹചര്യം ഉടലെടുക്കുകയോ ചെയ്യും. ഈ കുറവ്‌ രൂപതയിലെ എല്ലാ ഇടവകകളിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തും. വൈദികരിലെ കുറവ്‌ നേരിടുന്നതിനായി ചില പൗരോഹിത്യ ഉത്തരവാദിത്വങ്ങള്‍ ഇടവക ജനങ്ങളുമായി പങ്ക് വെക്കേണ്ടി വരും". കത്തില്‍ പറയുന്നു.

ഇതിനായി പുരോഹിതരുമായി സഹകരിക്കുകയും വിശ്വാസ രൂപീകരണത്തിനും, പ്രചാരണത്തിനും പരസ്പരം പോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം തന്റെ രൂപതയിലെ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പൗരോഹിത്യമെന്ന ദൈവനിയോഗത്തിനു വേണ്ടി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുവാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരു മേഖലയിലുള്ള കുറവ്‌ മറ്റ് മേഖലകളിലെ വളര്‍ച്ചക്ക്‌ കാരണമാകാം. കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വികസിക്കുവാനുള്ള അവസരം ദൈവം തരും എന്നു പ്രത്യാശ പ്രകടിപ്പിച്ച് കൊണ്ടാണ് ബിഷപ്പ് ഫ്രാന്‍സിസ്‌ ഡഫി തന്റെ കത്ത് ചുരുക്കുന്നത്.

More Archives >>

Page 1 of 158