India - 2025
മദ്യത്തിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരണം: മാര്‍ എടയന്ത്രത്ത്
സ്വന്തം ലേഖകന്‍ 02-04-2017 - Sunday
കൊച്ചി: മദ്യത്തിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ട കാലഘട്ടമാണിതെന്ന് കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഒ.സി.യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന സുപ്രീംകോടതി വിധി, കേരളത്തിലും പുറത്തും നടന്ന മദ്യവിരുദ്ധ സമരങ്ങളുടെ ഫലമാണ്. കോടതി ഉത്തരവില്‍ ആഹ്ലാദം പങ്കിടുമ്പോഴും മദ്യലഭ്യത പൂര്‍ണ്ണമായും ഇല്ലാതാകുന്നതിന്റെ നന്മയിലേക്ക് നമ്മുടെ രാജ്യം നടന്നടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംഘടിതമായി മുന്നേറ്റം ആവശ്യമാണ്. ഗ്രാമത്തിന്റെ നന്മകള്‍ മദ്യശാലകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. മദ്യവിപത്തിനെതിരെ ശക്തമായി സമരം ചെയ്ത് സാക്ഷ്യം പകര്‍ന്നവരെ സമൂഹം അഭിമാനത്തോടെ ഓര്‍ക്കുമെന്നും മാര്‍ എടയന്ത്രത്ത് പറഞ്ഞു.
സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി, തങ്കം ജേക്കബ്, ഫാ.പോള്‍ ചുള്ളി, ഡോ.ജേക്കബ് വടക്കുംചേരി, ഷാജന്‍ പി.ജോര്‍ജ്, പീറ്റര്‍ റൂഫസ്, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
25 ല്‍ പ്പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. ചാരായ നിരോധനത്തിന്റെ 21-ാം വാര്‍ഷികവും ഇതോടൊന്നിച്ച് ആചരിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, സിജോ പൈനാടത്ത്, സാബു ജോസ്, അഡ്വ.ചാര്‍ളി പോള്‍, എം.ഡി.റാഫേല്‍, ഷാജന്‍ പി.ജോര്‍ജ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, എന്‍.ടി റാല്‍ഫി, സി.ജോണ്‍കുട്ടി, സിസ്റ്റര്‍ എലനോറ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
