News - 2025

കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾ സുവിശേഷവത്ക്കരണത്തിനുള്ള പ്രധാന ഇടം: ഫ്രാന്‍സിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 04-04-2017 - Tuesday

വത്തിക്കാൻ: കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾ സുവിശേഷവത്ക്കരണത്തിനുള്ള പ്രധാന ഇടമാണെന്നും വിശ്വാസത്തില്‍ ആഴപ്പെടുന്നതിനു ദേവാലയങ്ങൾ വേദിയാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ ഒന്നിന് പുറപ്പെടുവിച്ച 'മോട്ടു പ്രോപ്രിയോ ' എന്ന രേഖയിലാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. ജീവിത വ്യഗ്രതകൾക്കിടയിൽ ദൈവത്തെ കണ്ടെത്താനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആശ്വാസ കേന്ദ്രങ്ങളായി ദേവാലയങ്ങൾ മാറുമ്പോൾ വിശ്വാസികൾ സ്വയം തിരിച്ചറിഞ്ഞ് പരിവർത്തനത്തിന് വിധേയരാകുമെന്നും മാര്‍പാപ്പ പറഞ്ഞു.

ഒന്നാം നൂറ്റാണ്ടു മുതൽ സഭയിൽ തീർത്ഥാടനം സജീവമാണ്. ലളിതവും വിനീതവുമായ വിശ്വാസമാതൃകയാണ് തീർത്ഥാടകരുടേത്. സമകാലിക ലോകത്തിൽ സംഭവിക്കാവുന്ന വിശ്വാസ പ്രതിസന്ധികളെ തരണം ചെയ്ത് നിശബ്ദതയിൽ ധ്യാനിക്കാനും പ്രാർത്ഥിക്കാനുമുള്ള സ്ഥലങ്ങളായി ദേവാലയങ്ങൾ മാറണം. അഭൂതപൂർവമായ തീർത്ഥാടക പ്രവാഹം, ആരാധനാക്രമത്തില്‍ ദൈവജനത്തിന്റെ ഭക്തിപൂർവ്വവും സജീവവുമായ പങ്കാളിത്തം, ദൈവകൃപകളുടെ സ്വീകരണം എന്നിവ വഴിയായുള്ള വിശ്വാസികളുടെ സാക്ഷ്യത്തിലൂടെ സുവിശേഷവത്കരണത്തിന്റെ സാധ്യതകളാണ് പ്രകടമാകുന്നത്.

കൂദാശ പരികർമ്മങ്ങൾക്കും ദാനധർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ദേവാലയങ്ങൾ സന്ദർശിക്കുവാന്‍ പരസ്പരം പ്രോത്സാഹിപ്പിക്കണമെന്നും മാർപാപ്പ ഓര്‍മ്മിപ്പിച്ചു. ദേശീയ-അന്തർദേശീയ സമ്മേളനങ്ങളിലൂടെ ഇടയ ദൗത്യങ്ങളുടെ നവീകരണവും വിവിധ ദേവാലയങ്ങളിലേക്കുള്ള സന്ദർശനവും തീർത്ഥാടകർക്കുള്ള ആത്മീയ നേതൃത്വവും വഴി സുവിശേഷവത്കരണത്തെ മനോഹരവും ആനന്ദകരവുമാക്കണം. മാർപ്പാപ്പ കുറിച്ചു

തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ചുമതല നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിക്ക് ഔദ്യോഗികമായി നല്കുന്ന സ്വയാധികാരപ്രബോധനമാണ് സാംക്ത്വാറിയും ഇന്‍ എക്ലേസിയ എന്ന മോട്ടു പ്രോപ്രിയൊ. ലൂര്‍ദ് മാതാവിന്റെ തിരുന്നാള്‍ ദിനമായിരുന്ന ഫെബ്രുവരി 11ന് (11/02/2017) മാര്‍പാപ്പാ നല്‍കിയ മോട്ടു പ്രോപ്രിയൊ ശനിയാഴ്ച പരസ്യപ്പെടുത്തുകയായിരിന്നു.

More Archives >>

Page 1 of 159