News - 2025
ആസിയാ ബീബിയുടെ മോചനത്തിന് അമേരിക്കന്‍ സെനറ്റിൽ പ്രമേയം
സ്വന്തം ലേഖകന്‍ 07-04-2017 - Friday
വാഷിംഗ്ടൺ: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനു ഇടപെടലുമായി പ്രമുഖ അമേരിക്കൻ സെനറ്റർമാർ. മുതിർന്ന സെനറ്റർമാരായ റാൻഡ് പോൾ, ക്രിസ് കൂൺസ് എന്നിവര്‍ യുഎസ് സെനറ്റിൽ സമര്‍പ്പിച്ച പ്രമേയത്തില്‍ ആസിയയെ വിട്ടയയ്ക്കണമെന്നും ക്രിസ്ത്യാനികൾ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ടു. വിവാദമായ ദൈവനിന്ദാനിയമം പിൻവലിക്കണമെന്നും പ്രമേയം പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നുണ്ട്. സ്വന്തം വിശ്വാസങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ ലോകത്ത് ഒരിടത്തും ആരും ക്രൂശിക്കപ്പെടരുതെന്നു സെനറ്റര്‍ ക്രിസ് കൂൺസ് പറഞ്ഞു.
പാക്കിസ്ഥാനിൽ 1985ൽ നിലവിൽ വന്ന നിയമം അനുസരിച്ച് ഒരാൾ ദൈവനിന്ദ നടത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടിയാൽപോലും നിയമത്തിന്റെ വലയിൽ കുടുങ്ങും. ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാന്‍ തീവ്ര ഇസ്ലാം മതസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. നിയമത്തിനെതിരെ നിലപാടെടുത്ത പഞ്ചാബിലെ ഗവർണർ സൽമാൻ തസീർ ജയിലിലായ ആസിയയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2011ൽ അദ്ദേഹം കൊല്ലപ്പെട്ടിരിരുന്നു.
ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചു 2010ൽ ആണ് ആസിയയെ തടവിലാക്കിയത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കോടതി വിധിയുണ്ടായത്.
2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബീ. ആസിയ ബീബിയെ ജയിലിനുള്ളില്‍ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് ഒരു മുസ്ലീം പണ്ഡിതന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇവരെ ഏകാന്ത തടവറയില്‍, കഠിന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു.