News - 2025

വത്തിക്കാനില്‍ 3 അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കു കൂടി അഭയസ്ഥാനം

സ്വന്തം ലേഖകന്‍ 05-04-2017 - Wednesday

വത്തിക്കാന്‍: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക വീണ്ടും പ്രകടമാക്കി കൊണ്ട് വത്തിക്കാന്‍ പുതിയ 3 അഭയാര്‍ത്ഥി കുടുംബങ്ങളെ കൂടി സ്വീകരിച്ചു. സിറിയയില്‍ നിന്നുള്ള രണ്ട് ക്രൈസ്തവ കുടുംബത്തിനും ഒരു മുസ്ലീം കുടുംബത്തിനുമാണ് വത്തിക്കാന്‍ അഭയസ്ഥാനം ഒരുക്കിയത്. അഭയാര്‍ത്ഥി കുടുംബങ്ങളെ സ്വീകരിച്ചെന്ന കാര്യം ഏപ്രില്‍ രണ്ടിനാണ് വത്തിക്കാന്‍ പത്രകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്ന ക്രൈസ്തവ കുടുംബങ്ങള്‍ മാര്‍ച്ചിലാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നത്. അമ്മയും കൗമാരക്കാരായ രണ്ട് മക്കളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ കുടുംബം. യുവദമ്പതികളുടേതാണ് രണ്ടാമത്തെ കുടുംബം. ഇസ്ലാം മത വിശ്വാസികളായ മൂന്നാമത്തെ കുടുംബത്തില്‍ മാതാപിതാക്കളും രണ്ട് മക്കളുമാണുള്ളത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് വത്തിക്കാനിലെ ഇടവകകളും സന്യസ്ഥ ആശ്രമങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള ഏകദിന സന്ദര്‍ശനത്തിന് ശേഷം 3 അഭയാർത്ഥി കുടുംബങ്ങളെ മടക്ക യാത്രയിൽ മാര്‍പാപ്പ വത്തിക്കാനിലേക്ക് കൂട്ടികൊണ്ട് പോയിരിന്നു. ആഭ്യന്തര പോരാട്ടം തകര്‍ക്കുന്ന സിറിയയില്‍ നിന്നും ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ച 12 സിറിയന്‍ മുസ്‌ളീങ്ങള്‍ക്കാണ് അന്ന്‍ മാര്‍പാപ്പ വത്തിക്കാനില്‍ അഭയസ്ഥാനം ഒരുക്കിയത്.

More Archives >>

Page 1 of 160