News - 2025

ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന യു‌എന്‍ സംഘടനക്കുള്ള ധനസഹായം അമേരിക്ക റദ്ദാക്കി

സ്വന്തം ലേഖകന്‍ 05-04-2017 - Wednesday

വാഷിംഗ്ടണ്‍: ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം അമേരിക്കന്‍ ഭരണകൂടം നിര്‍ത്തലാക്കി. ചൈനാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യു‌എന്‍ സംഘടന പങ്കാളിയായെന്ന കാരണത്താലാണ് ധനസഹായം റദ്ദാക്കിയതെന്ന് അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

32.5 ദശലക്ഷം ഡോളറോളം വരുന്ന ഫണ്ട് വകമാറ്റി മറ്റൊരു യു‌എസ് ഏജന്‍സിക്ക് നല്‍കുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിക്കുന്ന കത്ത് സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്, സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍ കമ്മിറ്റിക്ക് കൈമാറിയത്. നേരത്തെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ കീഴില്‍ ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ഈ ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

പിന്നീട് ‘ഡെമോക്രാറ്റുകള്‍’ അധികാരത്തില്‍ വന്നപ്പോള്‍ ധനസഹായം വീണ്ടും പുനരാരംഭിക്കുകയായിരിന്നു. ചൈനാ ഗവണ്‍മെന്റിന്റെ കുടുംബാസൂത്രണ പദ്ധതികളില്‍ യു‌എന്‍ സംഘടന പങ്കാളിയായതിന്റെ വെളിച്ചത്തിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെന്ന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ് മാധ്യമങ്ങളെ അറിയിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രോലൈഫ് സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു. ‘ഒറ്റ കുട്ടി നയം’ എന്ന ചൈനയുടെ നിര്‍ബന്ധിത പദ്ധതിയുടെ ഉദ്യോഗസ്ഥരുമായി യു‌എന്‍ സംഘടന ഏറെ ബന്ധം പുലര്‍ത്തിയിരിന്നുവെന്ന് ഹുമന്‍ ലൈഫ്‌ ഇന്റര്‍നാഷണലിന്റെ ഡയറക്ടറായ സ്റ്റീഫന്‍ ഫേലന്‍ ചൂണ്ടികാണിച്ചു. ചൈന ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതികളുടെ ഇരകളായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഈ വാര്‍ത്ത വളരെയേറെ സന്തോഷം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മനുഷ്യാവാകാശ പ്രവര്‍ത്തകയും വുമണ്‍സ് റൈറ്റ്‌സ് വിത്ത് ഔട്ട് ഫ്രണ്ടിയേഴ്‌സ് സംഘടനയുടെ അധ്യക്ഷയുമായ റെഗ്ഗി ലിറ്റില്‍ ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ ‘ഒരു കുട്ടി നയം’ (ഇപ്പോള്‍ 2 കുട്ടികള്‍) എന്ന നിര്‍ബന്ധിത പദ്ധതി നിലവിലിരുന്ന സമയത്ത് ഒമ്പത് മാസം തികഞ്ഞ ഗര്‍ഭിണികളായ സ്ത്രീകള്‍ വരെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കുകയുണ്ടായി. ഇത്തരം ശസ്ത്രക്രിയകള്‍ക്കിടക്ക് അനേകം സ്ത്രീകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. റെഗ്ഗി കൂട്ടിച്ചേര്‍ത്തു.

ചൈനക്ക് സമാനമായി വടക്കന്‍ കൊറിയയിലേയും, വിയറ്റ്‌നാമിലേയും സമാനമായ പദ്ധതികളോടും യു‌എന്‍എഫ്‌പി‌എ സഹകരിച്ചിട്ടുണ്ടെന്ന് ‘പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റിന്റെ’ പ്രസിഡന്റായ സ്റ്റീവ് മോഷെര്‍ അഭിപ്രായപ്പെട്ടു. ഭ്രൂണഹത്യക്കും, വന്ധീകരണത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് സംഘടനകള്‍ക്ക് ആശ്വാസം പകരുന്നതാണ് ട്രംപ്‌ ഭരണകൂടത്തിന്റെ നടപടി.

More Archives >>

Page 1 of 160