News - 2025

രക്ഷ ക്രൂശിതനായ ക്രിസ്തുവിലൂടെ മാത്രം: ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-04-2017 - Thursday

വത്തിക്കാൻ: ക്രൂശിതനായ യേശുവിലൂടെ മാത്രമാണ് രക്ഷ സാധ്യമാകുകയുള്ളൂവെന്നു ഫ്രാന്‍സിസ് പാപ്പ. ചൊവ്വാഴ്ച സാന്ത മാർത്ത വസതിയിൽ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നൽകുകയായിരിന്നു മാർപാപ്പ. സംഖ്യയുടെയും വി. യോഹന്നാന്‍റെയും വചനഭാഗങ്ങളെ ഉദ്ധരിച്ചാണ് മാര്‍പാപ്പ പ്രസംഗം നടത്തിയത്. ഓരോ തവണ കുരിശു വരയ്ക്കുമ്പോഴും നമ്മോടുള്ള സ്നേഹത്തെ പ്രതി അവിടുന്ന് തന്നെ തന്നെ പാപിയാക്കിയതിന്റെ ഓർമ്മപ്പെടുത്തല്‍ ആണ് ആവര്‍ത്തിക്കുന്നതെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഇസ്രായേൽക്കാർക്ക് സര്‍പ്പത്തിന്റെ വിഷ ദംശനം ഏറ്റതിനെ തുടർന്ന്, ദൈവം മോശയോട് പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയിൽ കെട്ടിവെയ്ക്കാൻ ആവശ്യപ്പെടുകയും, അതിനെ ദർശിച്ചവർ വിഷദംശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത വചനഭാഗത്തെ ധ്യാന വിഷയമാക്കി കൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം വിശദീകരിച്ചത്.

പഴയ നിയമത്തിലെ പിച്ചള സർപ്പത്തെപ്പോലെ പുതിയ നിയമത്തിൽ പാപത്തിന്റേതായ എല്ലാ കറകളും എടുത്തു മാറ്റി സൗഖ്യം നൽകിയവനാണ് ക്രൂശിതനായ യേശു. കുരിശിലൂടെ മാത്രമാണ് രക്ഷ. ദൈവം കുരിശില്‍ മാംസം ധരിക്കപ്പെടുകയാണ്. ആശയങ്ങളില്‍ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. വിഷദംശനമേറ്റവരെ സൗഖ്യമാക്കിയ പിച്ചളസര്‍പ്പത്തെപ്പോലെ, നമ്മുടെ പാപങ്ങളുടെ മുഴുവന്‍ വിഷം അവന്‍ കുരിശിലൂടെ ഏറ്റെടുത്തു.

കുരിശു വഴി സംജാതമായ രക്ഷാകര രഹസ്യത്തിലൂടെ, നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത ദൈവത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം വേണം. കുരിശിൽ നിന്നാണ് രക്ഷ. കുരിശു വരയ്ക്കുമ്പോഴും ധരിക്കുമ്പോഴും, ക്രിസ്തു കുരിശിലൂടെ നേടിത്തന്ന പാപമോചനത്തേയാണ് നാം അനുസ്മരിക്കുന്നത്. കുരിശ് അടയാളം ഒരു ചടങ്ങു മാത്രമാക്കാതെ, അർത്ഥം മനസ്സിലാക്കി വരക്കുമ്പോഴാണ് സത്യസന്ധമായ പ്രാർത്ഥനയായി തീരുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 160