News - 2025
ആസിയ ബീബി: സുപ്രീം കോടതി വിധി വീണ്ടും നീട്ടി
സ്വന്തം ലേഖകന്‍ 03-05-2017 - Wednesday
ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാനിന്ദാക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ യുവതി ആസിയാബീബിയുടെ അപ്പീല്‍ കേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. ആസിയായുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയുമെന്ന്‍ ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്ക് അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വിധി ജൂണില്‍ ഉണ്ടാകില്ലായെന്ന് കോടതി പ്രഖ്യാപിക്കുകയായിരിന്നു.
വ്യാജ ആരോപണത്തിന്റെ പേരില്‍ തടവറയില്‍ കഴിയുന്ന ആസിയായുടെ അപ്പീല്‍ സുപ്രീംകോടതി ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ ഒക്ടോബറില്‍ പരിഗണനക്കു എടുത്തിരിന്നു. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് അനിശ്ചിത കാലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു ഒരാഴ്ച മുന്‍പ് ആസിയായുടെ കേസ് കോടതി ജൂണില്‍ പരിഗണനക്ക് എടുക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരിന്നു.
ഏറെ പ്രതീക്ഷയോടെയാണ് ആസിയായുടെ ബന്ധുക്കളും രാജ്യത്തെ ക്രൈസ്തവരും ഈ വാര്‍ത്തയെ സ്വാഗതം ചെയ്തത്. എന്നാല്‍ വിധി നീളുമെന്ന പ്രഖ്യാപനം രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികളെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി. ആസിയാക്ക് നീതി ലഭിക്കുന്നതിനു വേണ്ടി നിരന്തരം പോരാടുമെന്നു റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം യുസിഎ ന്യൂസിനോട് പറഞ്ഞു.
ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ യുവതിയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചിരിന്നു. മുതിർന്ന സെനറ്റർമാരായ റാൻഡ് പോൾ, ക്രിസ് കൂൺസ് എന്നിവര്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ ആസിയയെ വിട്ടയയ്ക്കണമെന്നും ക്രിസ്ത്യാനികൾ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
![](/images/close.png)