News - 2024

മുംബൈയിലെ കുരിശ് തകര്‍ക്കല്‍: വിശ്വാസികള്‍ മൗനജാഥ നടത്തി

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

മുംബൈ: ബാന്ദ്രയിലെ 112-വര്‍ഷം പഴക്കമുള്ള കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികള്‍ മുംബൈ നഗരത്തില്‍ മൗനജാഥ നടത്തി. ബുധനാഴ്ച നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ബാന്ദ്രാവെസ്റ്റിലെ ബസാര്‍ റോഡില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസമാണ് നഗരസഭാ അധികൃതര്‍ തകര്‍ത്തത്.

പഴയസ്ഥലത്തുതന്നെ കുരിശ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബോംബെ വാച്ച് ഡോഗ് ഫൗണ്ടേഷന്‍, സേവ് ഔര്‍ ലാന്‍ഡ് തുടങ്ങിയ സംഘടനകള്‍ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഈ മേഖലയുടെ ചുമതലയുള്ള അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ ശരദ് ഉഗാഡേയെ സ്ഥലംമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുരിശ് മാറ്റിയത് ക്രൈസ്തവരോടുള്ള അവഹേളനമാണെന്ന് മുംബൈയിലെ കത്തോലിക്ക സഭയും ബോംബെ ഈസ്റ്റ് ഇന്ത്യന്‍ അസോസിയേഷനും കുറ്റപ്പെടുത്തി.

സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രൈസ്തവസംഘടനകള്‍ ബി.ജെ.പി. എം.എല്‍.എ. ആഷിഷ് ഷെലാറുമായി കൂടികാഴ്ച നടത്തിയിരിന്നു. ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തി ഒരുമാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഷെലാര്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.

അതേ സമയം മുംബൈയില്‍ നിന്ന്‍ അല്പം മാറി സ്ഥിതി ചെയ്യുന്ന കാളിനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കുരിശ് തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം യു‌സി‌എ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തിയിരിന്നു.


Related Articles »