News - 2024

ബൊക്കോഹറാം തട്ടികൊണ്ട് പോയ 82 പെണ്‍കുട്ടികള്‍ കൂടി മോചിതരായി

സ്വന്തം ലേഖകന്‍ 07-05-2017 - Sunday

അബൂജ: നൈജീരിയായിൽനിന്ന് ബൊക്കോഹറാം ഭീകരസംഘടന തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനികളിൽ 82 പേരെക്കൂടി വിട്ടയച്ചു. ഭരണകൂടത്തിന്റെ കൈവശം തടവിൽ കഴിഞ്ഞിരുന്ന, സംഘടനയുമായി അനുഭാവമുള്ളവരിൽ ചിലരെ വിട്ടുനൽകിയാണു പെൺകുട്ടികളെ മോചിപ്പിച്ചത്. മോചിപ്പിച്ച പെൺകുട്ടികളെ അബുജയിലെത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ 21 പേരെയും സംഘടന മോചിപ്പിച്ചിരുന്നു. ലൈംഗിക അടിമകളായും ചാവേർ ബോംബുകളായും പാചകക്കാരായും ഉപയോഗിക്കാനാണ് ഭീകരർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയത്.

രാജ്യന്തര മധ്യസ്ഥന്‍മാരുടെ സഹായത്തോടെയാണു സര്‍ക്കാര്‍ ജിഹാദികളുമായി ചർച്ച നടത്തിയത്. അതേസമയം, കൈമാറിയ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നു പ്രസിഡന്റ് മുഹമ്മദു ബുഹാരി കുട്ടികളെ കാണും. പെൺകുട്ടികളെ മോചിപ്പിക്കാനായതിൽ സുരക്ഷാ ഏജൻസികളോടും സ്വിറ്റ്സർലൻഡ് സർക്കാർ, രാജ്യാന്തര സംഘടനയായ റെഡ് ക്രോസ് തുടങ്ങിയവയോടുമുള്ള നന്ദിയും ബുഹാരി അറിയിച്ചു.

നാലു മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷമാണു 82 പെൺകുട്ടികളെ വിട്ടുനൽകാൻ തീരുമാനമായത്. ശനിയാഴ്ച വൈകുന്നേരം കുട്ടികളെ കാമറൂൺ അതിർത്തിയോടു ചേർന്നുള്ള ബാങ്കിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. 2014 ഏപ്രിൽ 14ന് ചിബോക്കിലെ പെൺകുട്ടികൾക്കുള്ള സർക്കാർ സ്കൂൾ ആക്രമിച്ച ബോക്കോ ഹറം 16നും 18നുമിടെ പ്രായമുള്ള 276 പേരെയാണു തട്ടിയെടുത്തത്.


Related Articles »