News - 2025
ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു നല്‍കുന്ന ‘പോപ്പ് എമരിറ്റസ്’ എന്ന വിശേഷണത്തോട് യോജിപ്പില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഫിസിച്ചെല്ല
സ്വന്തം ലേഖകന്‍ 06-05-2017 - Saturday
വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ “പോപ് എമരിറ്റസ്” എന്ന് വിശേഷിപ്പിക്കുന്നതിനോട് വിയോജിപ്പ് ഉണ്ടെന്ന് നവസുവിശേഷവത്ക്കരണത്തിന്റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും മെത്രാപ്പോലീത്തയുമായ റിനോ ഫിസിച്ചെല്ല.
ബെനഡിക്ട് പതിനാറാമനെക്കുറിച്ച് വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകനായ മിമ്മോ മുവൊലോ എഴുതിയ ‘ഇല്‍ പാപ്പാ ഡെല്‍ കൊരാജിയോ” (The Pope of Courage) എന്ന പുസ്തകത്തിന്റെ പ്രസാധന ചടങ്ങില്‍ വെച്ചാണ് മെത്രാപ്പോലീത്ത തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. സ്ഥാനത്യാഗത്തിനു ശേഷം ബെനഡിക്ട് പതിനാറാമനെ ‘പോപ് എമരിറ്റസ്’ എന്ന് വിളിക്കണമെന്ന തീരുമാനത്തെ താന്‍ പിന്തുണക്കുന്നില്ലാന്നു ബിഷപ്പ് പറഞ്ഞു.
നേരത്തെ എമിരിറ്റസ് പാപ്പാ എന്നു തനിക്ക് നല്‍കുന്ന വിശേഷണം ഇഷ്ടമല്ലായെന്നും, ഫാദര്‍ ബെനഡിക്ട് എന്ന് വിളിക്കപ്പെടുവനാണ് ആഗ്രഹിക്കുന്നതെന്നും മുന്‍പാപ്പ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വത്തിക്കാന്‍ സ്റ്റാഫംഗങ്ങളുടെ തീരുമാനത്തെ എതിര്‍ക്കുവാനുള്ള ശക്തി തനിക്കില്ലെന്നും മുന്‍പാപ്പാ അന്ന് പറഞ്ഞു.
'പോപ് എമരിറ്റസ്' എന്ന വിശേഷണത്തെ താന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എന്നാല്‍ ഈ വിശേഷണത്തെ താന്‍ ഉപയോഗിക്കുകയില്ല. ദൈവശാസ്ത്രപരമായ കാഴ്ചപ്പാടില്‍ പ്രശ്നരഹിതമായ മറ്റൊരു വിശേഷണത്തിനായി താന്‍ കാത്തിരിക്കുന്നു എന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രചാരണത്തിനായി ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തന്നെ സ്ഥാപിച്ച വത്തിക്കാന്‍ വിഭാഗത്തിന്റെ തലവനാണ് ബിഷപ്പ് റിനോ ഫിസിച്ചെല്ല.
മെത്രാപ്പോലീത്താക്ക് പുറമേ ഇതിനുമുന്‍പും പലരും ‘പോപ് എമരിറ്റസ്’ വിശേഷണത്തിന്റെ സാധുതയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അപ്പോസ്റ്റോലിക് സിഗ്നാറ്റൂറായുടെ സെക്രട്ടറിയായ മെത്രാന്‍ ഗിസപ്പേ സിയാക്കാ, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരും സമാനമായ നിലപാട് വ്യക്തമാക്കിയിരിന്നു. മാര്‍പാപ്പായായി ഇരുന്നതിനു ശേഷം സ്ഥാനത്യാഗം ചെയ്ത ആളിനെ വിശേഷിപ്പിക്കുവാന്‍ പറ്റിയ വിശേഷണം കണ്ടെത്തണമെന്നാണ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ അഭിപ്രായപ്പെട്ടത്.
ബെനഡിക്ട് പതിനാറാമന്റെ ധീരമായ തീരുമാനം കത്തോലിക്കാ സഭയുടെ ഭാവിക്ക് മുന്‍പില്‍ ഒരു പുതിയ ചക്രവാളം തന്നെ തുറന്നുതന്നുയെന്ന് പുസ്തക പ്രസാധന ചടങ്ങില്‍ വെച്ച് മെത്രാപ്പോലീത്ത റിനോ ഫിസിഷെല്ല പറഞ്ഞു. മറ്റുള്ള പാപ്പാമാരും ഇത് മാതൃകയാക്കാനുള്ള സാധ്യതയാണ് ഇതു വവഴി ഉണ്ടായത്. ബെനഡിക്ട് പതിനാറാമന്റെ സ്ഥാനപരിത്യാഗത്തില്‍ തങ്ങള്‍ ഏറെ ദുഃഖിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെനഡിക്ട് പതിനാറാമന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ ചാക്രിക ലേഖനം പൂര്‍ത്തിയാക്കുവാന്‍ താന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച കാര്യവും മെത്രാപ്പോലീത്ത തന്റെ പ്രസംഗത്തില്‍ പരമര്‍ശിച്ചിരിന്നു.