News - 2025
സ്വാതന്ത്ര്യം എന്നത് ദൈവത്തിന്‍റെ സമ്മാനം: ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍ 05-05-2017 - Friday
കാലിഫോര്‍ണിയ: സ്വാതന്ത്ര്യം പ്രാപിക്കേണ്ടത് ഗവണ്‍മെന്‍റില്‍ നിന്നല്ലായെന്നും അത് ദൈവത്തിന്റെ സമ്മാനമാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മതപരമായ സ്വാതന്ത്യത്തെ ഉറപ്പാക്കുന്ന ഔദ്യോഗിക ഉത്തരവില്‍ ഒപ്പിട്ടതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ദൈവം സ്വാതന്ത്ര്യം തന്നാൽ മാത്രമേ നാം സ്വതന്ത്രരാകൂയെന്നും അദ്ദേഹം പറഞ്ഞു. “നിന്റെ നാമത്തിന്റെ മഹത്വത്തിനു വേണ്ടി” എന്ന ചിന്താവിഷയവുമായി അമേരിക്കയില്‍ മെയ് 4-ന് നടന്ന ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ രാജ്യത്തുടനീളം നിരവധി പ്രാര്‍ത്ഥന കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു. ഓരോ കൂട്ടായ്മകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. ദൈവത്തെ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരിയായി നിലനിര്‍ത്തുക എന്നതാണ് പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആത്യന്തികമായ ലക്ഷ്യം. ഇതുവരെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോടു നന്ദിപറയുക, പ്രാര്‍ത്ഥനയിലൂടെ പുതിയ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുക എന്ന ലക്ഷ്യവും പ്രാര്‍ത്ഥനാ ദിനാചരണത്തിനു പിന്നിലുണ്ട്.
അമേരിക്കയിലെ കോളനിവാഴ്ചക്കാലത്താണ് ദേശീയ പ്രാര്‍ത്ഥനാകൂട്ടായ്മക്ക് തുടക്കമായത്. തീര്‍ത്ഥാടകരും, പ്യൂരിറ്റന്‍ സഭാംഗങ്ങളുമടങ്ങിയ രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് കോളനികളിലാണ് ഈ പതിവ് ആദ്യമായി തുടങ്ങിയത്. അധികം താമസിയാതെ മറ്റുള്ള ക്രിസ്ത്യാനികളും അവരെ അനുകരിക്കുവാന്‍ തുടങ്ങി. അമേരിക്കന്‍ ആഭ്യന്തര കലാപകാലത്ത് അക്കാലത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ 1863 ഏപ്രില്‍ 30 ദേശീയ ഉപവാസ ദിനമായി പ്രഖ്യാപിച്ചു.
ഉപവാസ ദിനത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1952-ല്‍ ബില്ലി ഗ്രഹാം ദേശീയ പ്രാര്‍ത്ഥനാ ദിനത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യം അമേരിക്കന്‍ കോണ്‍ഗ്രസ്സ് മുന്‍പാകെ വെക്കുകയായിരിന്നു. ഇതിനെതുടര്‍ന്ന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഒരു ബില്‍ തയ്യാറാക്കുകയും ട്രൂമാന്‍ അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന് സ്ഥിരമായ ഒരു ദിവസം ഉണ്ടായിരുന്നില്ല.
1988-ല്‍ ഈ ബില്ലില്‍ ഭേദഗതി വരുത്തുകയും പ്രസിഡന്റായ റീഗന്‍ അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഈ ഭേദഗതിപ്രകാരം എല്ലാവര്‍ഷത്തിലേയും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കന്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന് റീഗന്‍ പ്രഖ്യാപിക്കുകയായിരിന്നു. പ്രാര്‍ത്ഥന ദിനത്തില്‍ അമേരിക്കന്‍ ജനത പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ പ്രാര്‍ത്ഥനയിലൂടെ ഒരുമിക്കണമെന്ന് അന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിന്നു.