News - 2025
ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണത്തിന് തയാറെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
സ്വന്തം ലേഖകന്‍ 06-05-2017 - Saturday
കെയ്റോ: ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ന്നും ആക്രമണങ്ങള്‍ ഉണ്ടാകും എന്ന സൂചന നല്‍കികൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ്. ക്രിസ്ത്യാനികളുടെ കൂട്ടായ്മകളും പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിന്റെ നേതാവ് മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ആക്രമണ സൂചന ഉളവായിരിക്കുന്നത്. ഐഎസ് ആഴ്ചതോറും പുറത്തിറക്കുന്ന ‘അല്‍ നാബാ’ വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ജിഹാദി നേതാവ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ സംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നിരവധി ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക, പോലീസ് ആക്രമണങ്ങള്‍ സംവിധാനങ്ങളുള്ള സ്ഥലങ്ങളും മുസ്ലീംകള്‍ ഒഴിവാക്കണമെന്നും അയാള്‍ തന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈജിപ്തില്‍ ഇനിയും ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ ഐഎസ് പദ്ധതിയിട്ടിട്ടുണ്ട് എന്നാണു ഈ മുന്നറിയിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ക്രിസ്ത്യാനികളാണ് തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇരകളെന്ന് ഐഎസ് ഫെബ്രുവരി മാസത്തില്‍ പുറത്ത് വിട്ട ഒരു വീഡിയോയില്‍ വ്യക്തമാക്കിയിരിന്നു.
ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടക്കുവാന്‍ ഐഎസിന് കഴിഞ്ഞില്ല. ഇക്കാര്യവും പരിഗണിച്ചു അക്രമം രൂക്ഷമാക്കാനായിരിക്കും തീവ്രവാദ സംഘടന ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ഈജിപ്ത് സന്ദര്‍ശനത്തിനിടക്ക് അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ തീവ്രവാദത്തെ അപലപിച്ചിരിന്നു. ക്രിസ്ത്യാനികളുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കുവാന്‍ പാപ്പാ മുസ്ലീംകളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.
അടുത്തിടെ ‘സീനായി പ്രൊവിന്‍സ്’ എന്നറിയപ്പെടുന്ന ഐഎസ് അനുബന്ധ സംഘടന സീനായി മേഖലക്ക് പുറമേ ഈജിപ്തിലുള്ള മറ്റുള്ള സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കും സുരക്ഷാ സൈന്യത്തിന് നേര്‍ക്കു ആക്രമണങ്ങള്‍ നടത്തിയിരിന്നു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്ന ഉറപ്പ് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍-സിസി നല്‍കിയിട്ടുണ്ടെങ്കിലും തീവ്രവാദി ആക്രമണങ്ങളെ ഫലപ്രദമായി തടയുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വടക്കന്‍ സീനായി മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുവാനും, മുസ്ലീം ശരീയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുമായി ഐഎസ് സംഘടന ‘ഹിസ്ബാ’ എന്ന പേരില്‍ സഖ്യത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.