News - 2024

ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തെ നന്ദിയോടെ സ്മരിച്ചു കോപ്റ്റിക്ക് സഭാതലവന് മാര്‍പാപ്പയുടെ കത്ത്

സ്വന്തം ലേഖകന്‍ 11-05-2017 - Thursday

വത്തിക്കാന്‍ സിറ്റി: കെയ്റോയില്‍ നടന്ന കൂടിക്കാഴ്ചയും സഭൈക്യ പ്രാര്‍ത്ഥനയും നന്ദിയോടെ സ്മരിച്ചു ഫ്രാന്‍സിസ് പാപ്പ ഈജിപ്തിലെ കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭാതലവന്‍ തവാദ്രോസ് ദ്വിതീയന് കത്തയച്ചു. വളരുന്ന കൂട്ടായ്മയ്ക്ക് സാഹോദര്യത്തിന്‍റെ നല്ല ബന്ധങ്ങള്‍ അടിസ്ഥാനമാകുമെന്ന് മാര്‍പാപ്പ ഇന്നലെ അയച്ച കത്തില്‍ സൂചിപ്പിച്ചു.

2013 മെയ് 10-ന് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ കോപ്റ്റിക് സഭാ തലവന്‍ വത്തിക്കാനില്‍ നേരിട്ടു എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതേ ദിനത്തില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പ കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവസഭകളില്‍ ഇനിയും ദൃശ്യമാകേണ്ട വൈവിധ്യങ്ങളിലെ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകമാക്കേണ്ട ആദ്യഘടകം സഭാസമൂഹങ്ങളും, സഭാതലവന്മാരും തമ്മിലുള്ള സഹോദരബന്ധമാണെന്ന് മാര്‍പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്‍റെ മൗതീകശരീരത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ജ്ഞാനസ്നാനത്തിലുള്ള ഐക്യം സംയുക്ത പ്രഖ്യാപനത്തിലൂടെ ഈജിപ്തിലെ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് കോപ്റ്റിക്- കത്തോലിക്കസഭാ ബന്ധത്തിലെ നാഴികക്കല്ലും ഐക്യത്തിന്‍റെ മാതൃകയുമാണെന്ന് മാര്‍പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു.

ഇനിയും യാഥാര്‍ത്ഥ്യമാകേണ്ട ഐക്യത്തിനായി സഹോദരസ്നേഹത്തില്‍ ഒത്തൊരുമിച്ച് പരിശ്രമിക്കാം. അങ്ങനെ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ എത്തിച്ചേരാന്‍ പരിശുദ്ധാത്മാവ് സഭാസമൂഹങ്ങള്‍ക്ക് പ്രചോദനമാകട്ടെ. ഈ ആശംസയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് മാര്‍പാപ്പ തന്റെ കത്ത് ഉപസംഹരിച്ചിരിക്കുന്നത്.


Related Articles »