News

സെക്കന്തരാബാദില്‍ കഴിഞ്ഞ ആഴ്ച കൂദാശ ചെയ്ത ദേവാലയം അക്രമികള്‍ തകര്‍ത്തു

സ്വന്തം ലേഖകന്‍ 22-05-2017 - Monday

ഹൈദരാബാദ്: കഴിഞ്ഞ ആഴ്ച സെക്കന്തരാബാദില്‍ കൂദാശ ചെയ്ത പുതിയ ദേവാലയം അക്രമികള്‍ തകര്‍ത്തു. സെക്കന്തരാബാദിലെ ഗോടുമകുന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ദേവാലയമാണ് അക്രമികള്‍ തകര്‍ത്തത്. ഇന്നലെ (21/05/2017) രാവിലെയാണ് സംഭവം ഉണ്ടായത്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദി ദിനത്തിലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് തുമ്മ ബാല ദേവാലയം കൂദാശ ചെയ്തത്.

ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിന്നില്ലായെന്നും ഫാത്തിമ ശതാബ്ദി പ്രമാണിച്ച് മെയ് 13നു ദേവാലയം കൂദാശ ചെയ്യുകയായിരിന്നുവെന്നും മൌല അലിയിലെ സെന്‍റ് ജോസഫ്സ് ഇടവക വികാരി ഫാദര്‍ അലോഷ്യസ് സെല്‍വകുമാര്‍ പറഞ്ഞു. ദേവാലയത്തിലേക്ക് പാഞ്ഞെത്തിയ നൂറോളം പേരുടെ സംഘം പള്ളി തകര്‍ക്കുകയായിരിന്നു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്നു ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് അടിയന്തര മീറ്റിങ് നടത്തി. ആക്രമണം നടത്തിയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അക്രമവും അസഹിഷ്ണുതയും രാജ്യത്തെ തന്നെ നശിപ്പിക്കുമെന്നും അതിരൂപതാ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേ സമയം ദേവാലയം തകര്‍ത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 17-ാം സ്ഥാനമാണുള്ളത്.


Related Articles »