News - 2025

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ജൂണ്‍ 18ലേക്ക് മാറ്റിവെച്ചു

സ്വന്തം ലേഖകന്‍ 23-05-2017 - Tuesday

വത്തിക്കാന്‍ സിറ്റി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും റോമില്‍ ജൂണ്‍ 18 ഞായറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണ് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയത്.

കൂടുതല്‍ ആളുകള്‍ തിരുനാളില്‍ പങ്കുചേരുന്നതിനും പ്രവര്‍ത്തി ദിവസത്തില്‍ സാധാരണജനങ്ങള്‍ക്ക് അസൗകര്യമാകുന്ന വിധത്തില്‍ ഉടലെടുക്കുന്ന ഗതാഗതതടസ്സവും പരിഗണിച്ചാണ് തിരുനാള്‍ മാറ്റിയതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് പത്രകുറിപ്പില്‍ വ്യക്തമാക്കി.

നിര്‍ദ്ദേശ പ്രകാരം 2017-ലെ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ജൂണ്‍ പതിനെട്ടാം തിയതി ഞായറാഴ്ചയായിരിക്കും റോമാനഗരത്തില്‍ ആചരിക്കപ്പെടുക. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റോമാരൂപതയില്‍ അനുഷ്ഠിക്കുന്നത്. ബസിലിക്കയിലെ ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

മെരുളാനാ വീഥിയിലൂടെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്ക വരെയാണ് ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കുക. മാര്‍പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിലും പ്രദക്ഷിണത്തിലും ദിവ്യകാരുണ്യാശീര്‍വ്വാദത്തിലും പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നും പതിനായിരകണക്കിന് വിശ്വാസികള്‍ എത്തുമെന്നാണ് സൂചന. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ജൂലിയാനയ്ക്കു യേശു പ്രത്യക്ഷപ്പെട്ടു വി. കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കണമെന്നു ആവശ്യപ്പെട്ടതായാണ് ചരിത്രം.


Related Articles »