News - 2025
സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ 4നു തന്നെ: വത്തിക്കാനില്‍ നിന്നു സ്ഥിരീകരണം
സ്വന്തം ലേഖകന്‍ 26-05-2017 - Friday
കൊച്ചി: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക ചടങ്ങ് നവംബര്‍ നാലിനു തന്നെ നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ചടങ്ങുകള്‍ നടക്കുക. ഇക്കാര്യം സ്ഥിരീകരിച്ചു വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ് ഇന്നലെ ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിലും എഫ്സിസി സന്യാസിനി സമൂഹത്തിന്റെ ആലുവയിലെ ആസ്ഥാനത്തും ലഭിച്ചു. നവംബര്‍ 4നു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരിന്നു.
വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുമായി എഫ്സിസി സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ഇന്നലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുസംഘത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും നവംബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനു സമീപത്തെ സെന്റ് പോള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിനു ശുശ്രൂഷകള്‍ ആരംഭിക്കും.
പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത മദര്‍ ജനറല്‍, കര്‍ദിനാളിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര് എന്നിവരും പ്രഖ്യാപന ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു മന്ത്രിമാരുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടാകും.
ചടങ്ങുകള്‍ക്കു മുന്നോടിയായി മൂന്നിനു വൈകുന്നേരം ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഉണ്ടാകും. അഞ്ചിനു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. കേരളസഭയുടെ കൃതജ്ഞതാബലി എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും.