News - 2025
റോം ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്: തെളിവുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍ 26-05-2017 - Friday
ടെല്‍ അവീവ്: കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ റോം ആക്രമിക്കുവാന്‍ പദ്ധതിയിടുന്നു എന്നതിനുള്ള തെളിവുകള്‍ പുറത്ത്. ഐഎസ് ജിഹാദികള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലെ ചാറ്റിംഗ് പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
റോമിന് പുറമേ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആക്രമിക്കുവാനുമുള്ള പദ്ധതിയും ഐഎസിനുണ്ടെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ബ്രേറ്റ്ബാര്‍ട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് തീവ്രവാദികളും അനുയായികളും നടത്തിയ ചാറ്റിംഗൂം മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ചൊവ്വാഴ്ച ഐസിസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ ആശയവിനിമയം നടന്നിട്ടുള്ളത്. മുജാഹിദീന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും, അവിശ്വാസികള്‍ക്ക് നാശംവരുത്തുകയും ചെയ്ത അല്ലാഹുവിന് നന്ദി പറയുന്നു എന്നും തങ്ങള്‍ റോം കീഴടക്കി അവിടെ അല്ലാഹുവിന്റെ നാമത്തെ സ്തുതിക്കുമെന്നും, അവിശ്വാസികളായ പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷ തങ്ങള്‍ തകര്‍ക്കുമെന്നും ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു.
ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ബ്രിട്ടണില്‍ സംഭവിക്കുന്നതെന്നും, ഇതിലും കൂടുതല്‍ വരുവാനിരിക്കുന്നുണ്ടെന്നും, അവരുടെ രാജ്യങ്ങളുടെ മര്‍മ്മത്ത് തന്നെ തങ്ങള്‍ ആക്രമിക്കുമെന്നും എവിടെനിന്നാണ് ആക്രമണം വരികയെന്ന് അവര്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലായെന്നും ടെലഗ്രാം ചാറ്റിംഗില്‍ കുറിച്ചിട്ടുണ്ട്.
മുസ്ലീമിനെതിരായി പ്രവര്‍ത്തിക്കുന്ന അവിശ്വാസികളുടെ രാജ്യങ്ങളെ നിശബ്ദരാക്കുന്നതില്‍ അല്ലാഹു തങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തും. മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയ നമ്മുടെ സഹോദരനെ അല്ലാഹു ഒരു രക്തസാക്ഷിയായി സ്വീകരിക്കുമെന്നും മൊസൂളിലെ ഒമൈര്‍ അല്‍സുലാവി എന്ന ഐഎസ് തീവ്രവാദി അയച്ച സന്ദേശത്തില്‍ പറയുന്നു.
മാഞ്ചസ്റ്ററിലെ അക്രമിയുടെ ശരീര ഭാഗങ്ങള്‍ അനുഗ്രഹിക്കപ്പെട്ടതാണെന്നും, ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ പ്രതികാരം മറന്നിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് ഈ ആക്രമണമെന്നും 'ഖലീഫയുടെ കൊച്ചുമകന്‍' എന്ന് പേരുള്ള അക്കൗണ്ടിന്റെ ഉടമ കുറിച്ചു.
മുസ്ലീമിന്റെ പ്രതികാരത്തിന്റെ കേന്ദ്രം അമേരിക്കയിലായിരിക്കുമെന്നും, അമേരിക്കയുടെ നെഞ്ചിലുള്ള അക്രമണം അടുത്തുകഴിഞ്ഞു എന്നുമാണ് മറ്റൊരാള്‍ കുറിച്ചിട്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ അസ്വസ്ഥരാണെന്നും അമുസ്ലിംങ്ങളെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐഎസ് ഭീകരരും അനുയായികളും നടത്തിയ ചാറ്റിംഗില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ 22-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
![](/images/close.png)